ഉപ്പേരിയും ശര്‍ക്കരവരട്ടിയും ഇല്ലാതെ ഓണമുണ്ണേണ്ടി വരുമോ?: ഏത്തക്കായ വില കുതിച്ചുയരുന്നു

single-img
9 August 2017

തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയില്‍ വിലക്കയറ്റമുണ്ടാകില്ലെന്നു ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ഉറപ്പുനല്‍കുമ്പോഴും പച്ചക്കറിക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. ഓണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഓരോ ദിവസം വിപണിയില്‍ വില ഉയരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഏതാനും ദിവസം മുമ്പ് 45-50 രൂപ ഉണ്ടായിരുന്ന ഏത്തക്കായ്ക്ക് വില കുതിച്ചു കയറി 65-70 രൂപയില്‍ എത്തിയിരിക്കുകയാണ്. ഓണക്കാലമാകുമ്പോഴേക്കും ഈ വില 150 കടക്കുമോ എന്ന ഭീതിയും അലട്ടുന്നുണ്ട്.

കായവില പെട്ടെന്ന് കൂടിയതോടെ ഓണത്തിനുള്ള ഉപ്പേരി വിപണിയിലും മാറ്റങ്ങള്‍ ദൃശ്യമാണ്. ഉപ്പേരിയും ശര്‍ക്കരവരട്ടിയും വിപണിയിലെത്തിക്കുന്നവര്‍ ഇവ തയ്യാറാക്കുന്നതിനുള്ള ഏത്തക്കായ ഇപ്പോള്‍ വാങ്ങിക്കൂട്ടുന്നത് ഉയര്‍ന്ന വിലക്കാണ്. ഓണത്തിന് മുന്നോടിയായി വിപണിയില്‍ ഡിമാന്റ് വീണ്ടും വര്‍ധിച്ചേക്കുമെന്ന കണക്കു കൂട്ടലിലാണ്് ഉയര്‍ന്ന വിലകൊടുത്തും ഏത്തക്കായ വാങ്ങികൂട്ടാന്‍ ഇവരെ പ്രേരിപ്പിച്ചത്.

എന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലുകളൊന്നും സ്വീകരിക്കാത്തതാണ് പൊതുജനത്തെ വലയ്ക്കുന്നത്. സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്ടിലെ പ്രധാന മാര്‍ക്കറ്റായ മേട്ടുപാളയത്തില്‍ നിന്നുള്ള വരവ് കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലകയറ്റത്തിന് കാരണമായി പറയപ്പെടുന്നത്. പച്ചക്കായ്ക്ക് വില ഇരട്ടിയായതോടെ ഏത്തപ്പഴത്തിന്റെ വിലയും കൂടിയിരിക്കുകയാണ്.

കിലോയ്ക്ക് 70 രൂപ വരെയാണ് ഏത്തപ്പഴത്തിന്റെ വില. പച്ചക്കറി ഉപഭോക്താക്കള്‍ വിലകയറ്റം കൊണ്ട് പൊറുതി മുട്ടിയെങ്കിലും ഉത്പന്നത്തിന് മെച്ചപ്പെട്ട വില ലഭിക്കുന്ന ആശ്വാസത്തിലാണ് കര്‍ഷകര്‍. ഓണ വിപണി ലക്ഷ്യമിട്ട് നാട്ടില്‍ കൃഷി ചെയ്തിരുന്ന ഏത്തവാഴയുടെ വിളവെടുപ്പ് നടക്കുന്നതോടെ വിലകുറയുമെന്ന പ്രതീക്ഷയുമുണ്ട്.