ബിജെപിയുടെ കുതിരക്കച്ചവടം പൊളിഞ്ഞു: നാടകീയതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞ ഗുജറാത്ത്

single-img
9 August 2017

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അത്യന്തം നാടകീയമായ രാജ്യസഭ തെര‍ഞ്ഞെടുപ്പിനാണ് ഗുജറാത്ത് ഇന്നലെ സാക്ഷ്യം വഹിച്ചത്. രാവിലെ ഒമ്പത് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെ നീണ്ട് നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടത്.

രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടരയോടെ അവസാനിച്ചു. അമിത് ഷായും സ്മൃതിയും വിജയമുറപ്പിച്ച തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ ഫലത്തിലാണ് ആകാംക്ഷ നിലനിന്നത്.

ശങ്കര്‍സിംഗ് വഗേലയുടെ നേതൃത്വത്തിലുള്ള ഏഴ് വിമത എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തതായി പ്രഖ്യാപിച്ച് രംഗത്ത് വന്നതോടെ ഫലപ്രഖ്യാപനത്തിന് അത്യന്തം ആകാംക്ഷയായി.പിന്നീട് രണ്ട് എന്‍സിപി എംഎല്‍എമാരില്‍ ഒരാള്‍ അഹ്മദ് പട്ടേലിന് വോട്ട് ചെയ്തതായി പ്രഖ്യാപിച്ചു. പതിനൊന്ന് മണിയോടെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന നാല്‍പ്പത്തിനാല് എംഎല്‍എമാര്‍ വോട്ട് ചെയ്യാനായി നിയമസഭ മന്ദിരത്തിലെത്തി.

പന്ത്രണ്ട് മണിയോടെ ഇവരില്‍ ഒരാള്‍ കൂറ് മാറി വോട്ട് ചെയ്തതായി റിപ്പോര്‍ട്ട്. ഇതോടെ അഹ്മദ് പട്ടേല്‍ തോല്‍വിയിലേക്കെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രവഹിച്ചു. എന്നാല്‍, അഹ്മദ് പട്ടേലിന് വോട്ട് ചെയ്തതായി പ്രഖ്യാപിച്ച് ജെഡിയു എംഎല്‍എ ചോട്ടു ഭായ് വാസവ രംഗത്ത് വന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

അ‍ഞ്ച് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെ രണ്ട് വിമത എംഎല്‍എമാരുടെ വോട്ട് റദ്ദാക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. സമാന പരാതിയുമായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. രണ്ട് കോൺഗ്രസ് എംഎൽഎമാർ ചട്ടം ലംഘിച്ച് വോട്ടു ചെയ്തെന്നാണു ബിജെപിയുടെ പരാതി. ഇതേത്തുടർന്നു വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിവച്ചു. ഇതിനിടെ, തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎൽഎ നളിൻ കൊടാഡിയ രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തൽ ബിജെപി ക്യാംപിന് വലിയ തിരിച്ചടിയായി.

കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടതിനു പിന്നാലെ ബിജെപി സംഘവും കമ്മിഷനെ സന്ദർശിച്ചിരുന്നു. എന്നാൽ മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി കൊടുത്തില്ല.

ഒടുവില്‍ ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് രണ്ട് വോട്ടുകളും അസാധുവാക്കിയതായി രാത്രി 11.30ഓടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനo.ഒടുവില്‍ രണ്ട് മണിയോടെ അഹ്മദ് പട്ടേലിന്റെ വിജയപ്രഖ്യാപനം.