ജേക്കബ് തോമസിനെ ഒഴിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു

single-img
9 August 2017

ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരിലുള്ള വനഭൂമി കൈയേറിയതാണെന്ന സ്ഥിരീകരണത്തെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു. കുടകിലെ 151 ഏക്കര്‍ വനഭൂമിയാണ് സര്‍ക്കാര്‍ ഒഴിപ്പിച്ചത്. ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്‌സി 27 വര്‍ഷമായി കൈവശം വെച്ചിരുന്ന ഭൂമിയാണിത്. മഡിക്കേരി ഡിഎഫ്ഒ സൂര്യസേനയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍.

മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലെ കോപ്പട്ടി ഗ്രാമത്തിനടുത്ത് 151 ഏക്കര്‍ വനഭൂമിയിലാണ് ഡെയ്‌സി ഉടമസ്ഥാവകാശം ഉന്നയിച്ചിരുന്നത്. വനം കൈയേറിയതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നവംബറില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഒരുമാസത്തിനകം തെളിയിക്കാന്‍ മടിക്കേരി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഡെയ്‌സിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വനഭൂമി കൈയേറിയെന്ന പരാതി വ്യാജമാണെന്ന് കാണിച്ച് അവര്‍ കുടക് ചീഫ് കണ്‍സര്‍വേറ്ററെ സമീപിച്ചു. തുടര്‍ന്നു നടന്ന പരിശോധനയിലും നടപടികളിലും വനഭൂമി കൈയേറിയതാണെന്ന അന്തിമതീരുമാനത്തില്‍ വനംവകുപ്പ് എത്തുകയായിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് ഏഴിനകം ഈ ഭൂമി ഒഴിയണം എന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിന് തയാറാകാതിരുന്നതിനാലാണ് വനം വകുപ്പ് ഇന്നലെ ഭൂമി തിരിച്ചുപിടിച്ചത്.

2017 ജനുവരിയില്‍ ജേക്കബ് തോമസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ ഭാര്യ ഡെയ്‌സിയുടെ പേരില്‍ പ്രസ്തുത ഭൂമി 1990ല്‍ 15 ലക്ഷം രൂപയ്ക്ക് വാങ്ങിയതായി വ്യക്തമാക്കിയിരുന്നു. വനംവകുപ്പിന്റെ കണക്കുപ്രകാരം നിലവില്‍ ഈ ഭൂമിയുടെ വില 18.12 കോടി രൂപയാണ്.

കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഡെയ്‌സി അവകാശമുന്നയിച്ച ഭൂമി വനഭൂമിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കര്‍ണാടക വനനിയമം1963 പ്രകാരം അധികൃതര്‍ നടപടിയാരംഭിക്കുകയായിരുന്നു. പ്രസ്തുതഭൂമിയുടെ പേരിലുള്ള അവകാശത്തര്‍ക്കം 1999 മുതലാണ് ആരംഭിച്ചത്.