സ്വാശ്രയ പ്രവേശന ഫീസ് 5ലക്ഷം തന്നെ: നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി

single-img
9 August 2017

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഫീസുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. അഡ്മിഷനും കൗണ്‍സിലിങ്ങും ഉടന്‍ തുടങ്ങാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പഴയ ഫീസ് തുടരാമെന്ന തരത്തിലുള്ള കരാര്‍ ഇനി സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ഉണ്ടാക്കരുത്. ഓരോ കോളജിന്റെയും ഫീസ് ഘടന വ്യാഴാഴ്ച പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഈ ഫീസും ഇത് പിന്നീട് ഉയര്‍ത്തിയാല്‍ അതും നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ ബാദ്ധ്യസ്ഥരാണെന്ന വ്യവസ്ഥയും കൗണ്‍സലിംഗ് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തണം. ഫീസില്‍ വ്യത്യാസമുണ്ടാകുമെന്ന് പ്രവേശനം നേടുന്നവരെ അറിയിക്കണം. അന്തിമ ഫീസ് നിശ്ചയിക്കുമ്പോള്‍ ആ തുക നല്‍കാമെന്ന ഉറപ്പ് എഴുതി വാങ്ങണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സിനെയും താത്കാലിക ഫീസ് നിശ്ചയിച്ച് ജൂലായ് 13ന് സമിതി പുറപ്പെടുവിച്ച ഉത്തരവിനെയും ചോദ്യം ചെയ്ത് കോഴിക്കോട് കെ.എം.സി.ടി, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ 2017-18 ലേക്കുള്ള പ്രവേശനത്തിന് പ്രൊസ്‌പെക്ടസ് തയ്യാറാക്കി അനുമതിക്കായി നല്‍കിയില്ലെന്നും അഞ്ചു ലക്ഷത്തില്‍ താഴെ നിശ്ചയിച്ച ഫീസ് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഫീസ് നിര്‍ണയ സമിതി കോടതിയെ അറിയിച്ചു.

ഫീസ് നിര്‍ണയത്തിനുള്ള രേഖകള്‍ മാനേജ്‌മെന്റുകള്‍ നല്‍കാത്തതിനാലാണ് താത്കാലിക ഫീസ് പ്രഖ്യാപിച്ചത്. വിവരങ്ങള്‍ നല്‍കിയാല്‍ ഇതനുസരിച്ച് ഫീസില്‍ വ്യത്യാസം വരുത്തുമെന്നും സമിതി വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളില്‍ അന്തിമ ഫീസ് നിര്‍ണയത്തിന് മാനേജ്‌മെന്റുകള്‍ വസ്തുതകളും രേഖകളും ഹാജരാക്കണം. ഉയര്‍ന്ന ഫീസിനുള്ള അവകാശവാദം തെളിയിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് കഴിഞ്ഞാല്‍ ഉയര്‍ന്ന ഫീസ് ഈടാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.