ഉറക്കക്കുറവും തലവേദനയും അലട്ടുന്നുണ്ടോ? പ്രശ്‌നം മറ്റൊന്നുമല്ല…

single-img
9 August 2017

ശരീരത്തിന്റെ തളര്‍ച്ച മാറ്റിയെടുക്കാന്‍ ശരീരംതന്നെ കണ്ടെത്തുന്ന പോംവഴിയാണ് ഉറക്കം. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഉറക്കം കൂടിയേ തീരൂ. ഉറക്കം കുറയുന്നത് പതിവാകുമ്പോള്‍ വിഷാദം, പൊണ്ണത്തടി, ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം ഇവയ്ക്ക് കാരണമാകുകയും ആയുര്‍ദൈര്‍ഘ്യം കുറയുകയും ചെയ്യും.

എന്നാല്‍ ഉറക്കമില്ലായ്മയും തലവേദനയും ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനു പ്രധാന കാരണക്കാരന്‍ മൊബൈല്‍ഫോണാണ്. ഡിജിറ്റല്‍ ഉപകരണങ്ങളായ മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ് എന്നിവയുടെ സ്‌ക്രീനുകള്‍ ഉറക്കം തടസ്സപ്പെടുത്തുമെന്ന് ഗവേഷകര്‍ പറയുന്നു.

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും വരുന്ന നീലവെളിച്ചമാണ് ഇവിടെ പ്രധാന വില്ലന്‍. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പുറപ്പെടുവിക്കുന്ന നീല വെളിച്ചം, നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ തടസ്സപ്പെടുത്തും. മേലാടോണിന്റെ അളവ് കുറയ്ക്കുക വഴിയാണ് ഉറക്കം തടസ്സപ്പെടുന്നത്.

സാധാരണ ഉച്ചകഴിയുമ്പോള്‍ മുതല്‍ മെലാടോണിന്റെ അളവ് കൂടുതലായിരിക്കും. രാത്രിയിലാകും ഇത് ഏറ്റവും കൂടുതല്‍. തുടര്‍ന്ന് വെളുപ്പിനാകുമ്പോഴേക്കും അളവ് കുറയുകയും ചെയ്യും. എന്നാല്‍ രാത്രി വൈകിയും ഫോണും ടാബ്‌ലറ്റും ഉപയോഗിക്കുമ്പോള്‍ നമ്മുടെ ആന്തരിക ശരീര ഘടികാരം കൂടുതല്‍ അലര്‍ട്ട് ആകുക വഴി മെലാടോണിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന പ്രക്രിയയ്ക്ക് തടസ്സം നേരിടുന്നു. 18നും 45നും ഇടയില്‍ പ്രായമുള്ള 35 പുരുഷന്മാരെയും 36 സ്ത്രീകളെയും പഠനത്തിനു വിധേയരാക്കി.

ഉറങ്ങുംമുമ്പ് ഏറെനേരം മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ശരീരത്തിന്റെ താളം വീണ്ടെടുക്കലാണ് നഷ്ടപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് നല്ല ഉറക്കം തീരെ കിട്ടുന്നില്ലെന്ന് പഠനത്തില്‍ തെളിഞ്ഞു.