ഡോക് ലാം വിഷയത്തില്‍ വീണ്ടും മുന്നറിയിപ്പുമായി ചൈന: കശ്മീരിലോ ഉത്തരാഖണ്ഡിലോ പ്രവേശിച്ചാല്‍ ഇന്ത്യ എന്തു ചെയ്യും?

single-img
9 August 2017

ബെയ്ജിങ്: ഡോക് ലാം വിഷയത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന വീണ്ടും രംഗത്തെത്തി. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്നും പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്നുമാണ് ചൈനയുടെ നിലപാട്. ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ ഇന്ത്യയുടെ നിലപാട് എന്തായിരിക്കുമെന്നും ചൈന ചോദിച്ചു.

രണ്ടു മാസത്തോളമായി ദോക് ലാ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുകയാണ്. ദോക് ലാ മേഖലയില്‍ ചൈന തങ്ങളുടേതെന്നും അതേസമയം ഭൂട്ടാന്‍ തങ്ങളുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിപിഎല്‍എ) റോഡ് നിര്‍മിക്കാന്‍ തുനിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. വിഷയത്തില്‍ ഇടപെട്ട ഇന്ത്യ റോഡ് നിര്‍മാണത്തില്‍നിന്നു പിന്മാറണമെന്ന് ചൈനയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല.

തുടര്‍ന്ന് മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ തടഞ്ഞ ഇന്ത്യന്‍ സൈന്യം അമ്പതുദിവസമായി ഡോക് ലാം മേഖലയില്‍ നിലയുറപ്പിച്ചിട്ട്. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു സൈന്യത്തെ പിന്‍വലിക്കാം എന്ന ഇന്ത്യയുടെ നിര്‍ദ്ദേശം പ്രയോഗികമല്ലെന്നും, ഇന്ത്യന്‍ സൈന്യത്തെ നിരുപാധികം മേഖലയില്‍ നിന്നും പിന്‍ വലിക്കണമെന്നുമാണ്് ചൈനയുടെ ആവശ്യം. അല്ലാത്ത പക്ഷം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഡോക് ലാം സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ചൈനയുടെ നിലപാട്. മേഖലയിലെ സംഘര്‍ഷം അപകടകരമായ സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ എല്ലാം നിയന്ത്രണ വിധേയമാണെന്ന തരത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രചരണം അവസാനിപ്പിക്കണമെന്നും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ്ങ് വെന്‍ലി പറഞ്ഞു.