പുതിയ കരുനീക്കങ്ങളുമായി ദിലീപ്: ഇത്തവണ അഴിക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാനാകുമോ?

single-img
9 August 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപ്, പുതിയ ജാമ്യാപേക്ഷയുമായി ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുടെ ഓഫീസ് അറിയിച്ചു. റിമാന്‍ഡ് കാലാവധി കോടതി വീണ്ടും നീട്ടിയതിന് പിന്നാലെയാണ് ദിലീപ് പുതിയ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി രാമന്‍പിള്ളയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. കേസില്‍ ദിലീപിന് എതിരായ തെളിവില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകന്റെ വിലയിരുത്തല്‍. പൊലീസിലെ ചേരി തിരിവാണ് ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.

പള്‍സര്‍ സുനിയുടെ മൊഴിയല്ലാതെ ഒന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേസിലെ വിധി ദിലീപിന് അനുകൂലമാകും. എന്നാല്‍ കേസില്‍ ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള പഴുതുകളടക്കാന്‍ പൊലീസിന് കഴിയും. അതിന് അവര്‍ ശ്രമിക്കുമെന്നും അഭിഭാഷകന് അറിയാം. അതുകൊണ്ട് തന്നെ കരുതലോടെയാകും വാദങ്ങള്‍ അവതരിപ്പിക്കുക.

ആദ്യം മജിസ്‌ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയതാണ്. രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയാണു വാദത്തില്‍ നിര്‍ണായകമായത്. മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹര്‍ജികള്‍ തള്ളിയപ്പോള്‍ പ്രതികള്‍ക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകനായ രാംകുമാറിനെ ദിലീപ് മാറ്റുകയും അഡ്വ. രാമന്‍പിള്ളയെ വക്കാലത്ത് എല്‍പ്പിക്കുകയും ചെയ്തത്.

ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ അന്ന് നിരത്തിയ പ്രധാന വാദങ്ങളിലൊന്ന് കൃത്യത്തിനുപയോഗിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്താനുണ്ടെന്നായിരുന്നു. കൂടാതെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിലിവിലാണെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് ദിലീപിന് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു. എന്നാല്‍ ഈ രണ്ട് കാര്യങ്ങളിലും തീര്‍പ്പുണ്ടാക്കി.

ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. കൂടാതെ ദിലീപിനെ വിശ്വസിച്ച് കോടികള്‍ സിനിമ വ്യവസായത്തില്‍ നിക്ഷേപിച്ചവര്‍ കടക്കെണിയിലാകുന്നു. അതിനാല്‍ കരാര്‍ പ്രകാരമുള്ള സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തന്റെ പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെടും. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് ആലുവ റൂറല്‍ എസ്പി അറിയിച്ചു.