അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; പ്രാരംഭ നടപടി തുടങ്ങിയെന്ന് മന്ത്രി

single-img
9 August 2017


തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ അവഗണിച്ച് അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവെന്നും വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്. 936 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.

അതേസമയം അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു സിപിഎം മുന്‍ നിലപാട്. പിന്നീട് അധികാരത്തില്‍ എത്തിയപ്പോള്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരെ ഘടകക്ഷിയായ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയിരുന്നു. എന്നാല്‍, അന്നത്തെ സര്‍ക്കാര്‍ വാദം പൊള്ളയായിരുന്നുവെന്നാണ് പുതിയ മറുപടിയിലൂടെ വ്യക്തമാകുന്നത്.

പ്രകൃതിക്കും പരിസ്ഥിതിക്കും കനത്ത ദോഷം വരുത്തുന്ന ഈ പദ്ധതി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നാശത്തിനും വഴിവയ്ക്കുമെന്നാണ് യുഡിഎഫ് നിലപാട്. 140 ഹെക്ടറോളം വനത്തെ വെള്ളത്തില്‍ മുക്കുന്ന ഈ പദ്ധതി അത്യപൂര്‍വ്വമായ സസ്യ, ജന്തു സമ്പത്തിനും നാശമുണ്ടാക്കും.

അതേസമയം നാമമാത്രമായ വൈദ്യുതി ഉല്പാദനത്തിന് മാത്രമേ ഇത് ഉപകരിക്കുകയുമുള്ളൂ. ഗുണത്തക്കാളേറെ ദോഷം ചെയ്യുന്ന ഈ പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്നാണ് യു.ഡി.എഫിന്റെ നിലപാട്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിച്ച് പദ്ധതി എന്നന്നേയ്ക്കുമായി ഉപേക്ഷിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളണമെന്ന് രമേശ് ചെന്നിത്തല മുമ്പ് ആവശ്യപ്പെട്ടിരുന്നു.