യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ബിജെപി അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

single-img
9 August 2017

ചണ്ഡീഗഡ്: ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍. സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാല(23)യാണ് അറസ്റ്റിലായത്. വികാസ് ബരാല യുവതിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറകളില്‍ നിന്ന് ലഭിച്ചിരുന്നു. യുവതി സഞ്ചരിച്ച റൂട്ടിലെ അഞ്ച് സി.സി.ടി.വി കാമറകളില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ പോലീസ് വീണ്ടെടുത്തത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡിജെ ആയി ജോലി ചെയ്തുവരികയായിരുന്ന ഐഎസ് ഉദ്യോഗസ്ഥന്റെ മകള്‍ വര്‍ണിക പഞ്ച്കുലയിലെ വീട്ടിലേക്ക് കാറില്‍ പോകവെയായിരുന്നു സംഭവം. പെണ്‍കുട്ടി ഒറ്റയ്ക്ക് കാറോടിച്ചു പോകുന്നതു കണ്ട വികാസും സുഹൃത്ത് ആശിഷും കാറില്‍ ഇവരെ അരമണിക്കൂറോളം പിന്തുടര്‍ന്നു. ഇതിനിടെ യുവതി ഫോണില്‍ പോലീസിനെ പരാതിപ്പെട്ടു. തുടര്‍ന്ന് യുവാക്കള്‍ കാര്‍ നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസെത്തി ഇരുവരെയും പിടികൂടി.

എന്നാല്‍ നിസ്സാരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിക്കുകയും ചെയ്തു. പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞതായുള്ള റിപ്പോര്‍ട്ടു വന്നത്. ഇതോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായും പൊലീസ് ബിജെപിയുടെ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് സിസിടിവി ക്യാമറകളില്‍ നിന്നും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.

ഏഴ് കിലോമീറ്ററോളം ബിജെപി നേതാവിന്റെ മകന്‍ പിന്തുടര്‍ന്നുവെന്നും രണ്ട് തവണ തടഞ്ഞ് നിര്‍ത്തി വാഹനത്തില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമം നടന്നുവെന്നും ഇരയായ യുവതി ആരോപിച്ചിരുന്നു. തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു വികാസിന്റെ ലക്ഷ്യമെന്നും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് യുവതി പറഞ്ഞു.

ഇതിനിടയില്‍ പെണ്‍കുട്ടിയെ മോശക്കാരിയായി ചിത്രീകരിക്കാനും ശ്രമം നടന്നു. വിഷയത്തില്‍ ഹരിയാന ബിജെപി ഉപാധ്യക്ഷന്‍ രാംവീര്‍ ഭാട്ടിയ നടത്തിയ പ്രതികരണം വിവാദമായിരുന്നു.