ഗുജറാത്തിലെ വോട്ടെണ്ണല്‍ വൈകി: ഡൽഹിയിൽ നാടകീയ നീക്കങ്ങൾ

single-img
8 August 2017

രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകളായി വൈകുകയാണ്.

വോട്ടെണ്ണല്‍ അഞ്ചു മണിക്ക് തുടങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രാഘവ്ജി പട്ടേല്‍, ഭോല ഗോഹില്‍ എന്നിവര്‍ ബാലറ്റ് പേപ്പര്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഏജന്റുമാരെ കാണിച്ചുവെന്നാണ് ആരോപണം. ബി.ജെ.പി അധ്യക്ഷനും രാജ്യസഭാ സ്ഥാനാര്‍ഥിയുമായ അമിത് ഷായെയും ബാലറ്റ് പേപ്പര്‍ കാണിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.45 മിനിറ്റ് വൈകി പുനരാരംഭിച്ച വോട്ടെണ്ണൽ വീണ്ടും നിർത്തിവയ്ക്കുകയായിരുന്നു.

കോണ്‍ഗ്രസ് ഉന്നയിച്ച പരാതിയില്‍ തീരുമാനമാകാതെ വോട്ടെണ്ണല്‍ തുടങ്ങില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ ഡി.എം പാട്ടില്‍ പറഞ്ഞു. പരാജയപ്പെടുമെന്ന് ഉറപ്പായ നിരാശയിലാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് ബി.ജെ.പി ആരോപിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി കടുത്ത ഭീഷണി നേരിടുന്നതിനിടെയാണ് അവര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

കോൺഗ്രസ് േനതാക്കൾ ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടതിനു പിന്നാലെ ബിജെപി സംഘവും കമ്മിഷനെ സന്ദർശിച്ചു. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയുടെ നേതൃത്വത്തിൽ ആറ് കേന്ദ്രമന്ത്രിമാരുടെ സംഘമാണു തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്. ഇനി കോൺഗ്രസ് സംഘം വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ ഒരുങ്ങുകയാണെന്നാണു റിപ്പോർട്ട്.