സുധീഷ് മിന്നിയെ അടിച്ച് കരണം പൊളിക്കാന്‍ ശോഭാ സുരേന്ദ്രന്‍ പോകുമോ?: രാത്രി 7 മണിക്കറിയാം

single-img
8 August 2017

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് സിപിഎം നേതാവ് സുധീഷ് മിന്നി. പൊതുമധ്യത്തില്‍ അവഹേളിക്കുന്നവരുടെ മുഖത്തടിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനെയാണ് സുധീഷ് മിന്നി വെല്ലുവിളിച്ചിരിക്കുന്നത്.

ശോഭാ സുരേന്ദ്രന്റെ ജന്മനാടായ ചങ്ങരംകുളത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ചുണയുണ്ടെങ്കില്‍ കരണത്തടിക്കാന്‍ വരുമോ കാത്തിരിക്കും എന്നാണ് സുധീഷ് മിന്നി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ ജന്മനാട്ടില്‍ പരിപാടിയൊരുക്കിയ മലപ്പുറം ഡിവൈഎഫ്‌ഐ നേതൃത്വത്തിന് സുധീഷ് മിന്നി നന്ദിയുമറിയിച്ചു.

ഒരു ചാനല്‍ചര്‍ച്ചയുടെ ചുവടുപിടിച്ച്, അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ സുധീഷ് മിന്നിക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സുധീഷ് മിന്നിക്ക് പിന്തുണ നല്‍കി കമന്റിട്ടവര്‍ക്കെതിരേയും ശോഭാ സുരേന്ദ്രന്‍ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു.

ഒരു സ്ത്രീയെക്കുറിച്ചും പറയാന്‍ പാടില്ലാത്തതാണ് സുധിഷ് മിന്നി നവമാധ്യമങ്ങളിലൂടെ എഴുതിക്കൊണ്ടിരിക്കുന്നതെന്ന് ശോഭ പറഞ്ഞിരുന്നു. ഒരു തരത്തിലും അനുവദിച്ചുകൊടുക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് അയാള്‍ പറയുന്നത്. താന്‍ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ ശരീരത്തില്‍ ഉള്‍പ്പെടെ പ്രയോഗിച്ച് പറയാന്‍ അയാള്‍ തന്റേടം കാട്ടി. പച്ചക്കള്ളം പറഞ്ഞു പരത്തി. സുധീഷ് മിന്നിയെ തന്റെ മുന്നില്‍ കിട്ടിയാല്‍ അടിച്ച് കരണം പൊളിക്കുക തന്നെ ചെയ്യും. കേസാകുമ്പോള്‍ അത് നടത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഇനി ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരുമിച്ച് പങ്കെടുക്കേണ്ടി വന്നാല്‍ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് താനാ ചാനലില്‍ നടത്തുമെന്ന് സുധീഷ് മിന്നി പറഞ്ഞിരുന്നു.