യോഗ നിര്‍ബന്ധമാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
8 August 2017

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതിയല്ലെന്നും അതത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് എം.ബി. ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

തീരുമാനം പറയാന്‍ കോടതിക്ക് ആവില്ലെന്നും ഇത് കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും വ്യക്തമാക്കിയ കോടതി എങ്ങനെയാണ് കോടതിക്ക് ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനാവുകയെന്നും ചോദിച്ചു. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം നിയന്ത്രിക്കുന്ന നിയമപ്രകാരം യോഗപഠനം മൗലികാവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

ഡല്‍ഹി ബി.ജെ.പി വക്താവ് അശ്വിനി കുമാര്‍ ഉപാധ്യായയും ജെ.സി സേത്തുമാണ് ഹര്‍ജി സമര്‍പിച്ചത്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യോഗയും ആരോഗ്യ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

മാനവവിഭവശേഷി മന്ത്രാലയം, എന്‍.സി.ഇ.ആര്‍.ടി., എന്‍.സി.റ്റി.ഇ, സി.ബി.എസ്.ഇ എന്നിവരോട് യോഗയുടെ പുസ്തകങ്ങള്‍ നല്‍കണമെന്ന് ഉപാധ്യായ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ സ്‌കൂള്‍ സിലബസുകളില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ച് മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. കൂടാതെ പൊലീസുകാര്‍ക്ക് യോഗ നിര്‍ബന്ധമാക്കിയിട്ടുണ്ട്.