“സ്വാശ്രയ പ്രവേശനത്തില്‍ മണ്ടത്തരങ്ങളാണ് സര്‍ക്കാര്‍ കാണിക്കുന്നത്”: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
8 August 2017


തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. നീറ്റ് പരീക്ഷാഫലം വന്ന് മൂന്നു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സ്വാശ്രയ മെഡിക്കല്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിലാണ് സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനം.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വലിയ മണ്ടത്തരങ്ങളാണ് സര്‍ക്കാര്‍ കാണിക്കുന്നത്. 85 ശതമാനം സീറ്റിനും പ്രവേശനാധികാരം സര്‍ക്കാറിന് ലഭിച്ചിട്ടും ഇത്രയും ആശയകുഴപ്പം ഉണ്ടാകാന്‍ കാരണം ആരോഗ്യമന്ത്രി തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഓര്‍ഡിനന്‍സ് മൂന്നു തവണ തിരുത്തി ഇറക്കുകയുണ്ടായി. അവസാനം വിഷയം കോടതിയുടെ മുന്നിലുമെത്തിച്ചു. ഇതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശയ കുഴപ്പത്തിലാണെന്നും കൊള്ളാവുന്ന ആരെയെങ്കിലും ആരോഗ്യ വകുപ്പ് ഏല്‍പിക്കണമെന്നും രമേശ് ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു. സെപ്റ്റംബര്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കകള്‍ വേണ്ട. മാനേജ്‌മെന്റുകള്‍ ഒരു ഭാഗത്ത് സര്‍ക്കാറുമായി സഹകരിക്കുമ്പോള്‍ തന്നെ കോടതിയെ സമീപിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

അതേസമയം ആരോഗ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.