ദിലീപിന്റെ റിമാന്‍ഡ് ഈ മാസം 22 വരെ നീട്ടി

single-img
8 August 2017

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 22 വരെയാണ് റിമാന്‍ഡ് നീട്ടിയത്. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചതിനേത്തുടര്‍ന്ന് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ വീഡിയോ കോണ്‍ഫറസിംഗ് അനുവദിക്കണമെന്നുമുള്ള ആവശ്യം അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം ഡോക്ടര്‍മാര്‍ ദിലീപിനെ ജയിലിലെത്തി പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഡോ. നിജി വര്‍ഗീസ് ജോഷ്വയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ദിലീപിനെ പരിശോധിച്ചത്. രക്തസമ്മര്‍ദം സാധാരണ നിലയിലാണ്.

ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പോലീസ് അറിയിച്ചു. പ്രതിക്കു ചെറിയ ജലദോഷവും നേരിയ കാലുവേദനയുമുണ്ട്. അതിനു ‘വൈറ്റമിന്‍ ഇ’ അടങ്ങിയ ഗുളിക കൊടുത്തു. ദിലീപ് ജയിലില്‍ എത്തിയ ശേഷം മുടിയും താടിയും മുറിച്ചിട്ടില്ലെന്നും ജയിലധികൃതര്‍ സൂചിപ്പിച്ചു.

അതിനിടെ ശനിയാഴ്ച ജയില്‍ സന്ദര്‍ശിച്ച കന്യാസ്ത്രീ ദിലീപിനു കൗണ്‍സലിങ് നടത്തിയെന്ന പ്രചാരണം ശരിയല്ലെന്നും അധികൃതര്‍ പറഞ്ഞു. ജയിലില്‍ കൗണ്‍സലിങ് നടക്കുന്നതു ശനിയാഴ്ചയാണ്. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച അതുണ്ടായില്ല. ഞായറാഴ്ചകളില്‍ സന്നദ്ധപ്രവര്‍ത്തകരെത്തി പ്രാര്‍ത്ഥന നടത്താറുണ്ട്. ദിലീപ് റിമാന്‍ഡിലായ ശേഷം സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണമുള്ളതിനാല്‍ ഇവരെയും അകത്തു കയറ്റിയിരുന്നില്ല. മൂന്നാഴ്ചയായി മുടങ്ങിയ പ്രാര്‍ത്ഥന കഴിഞ്ഞ ഞായറാഴ്ച പുനരാരംഭിച്ചു.

സെല്ലുകളുടെ പ്രവേശന കവാടത്തിനരികിലാണു പ്രാര്‍ത്ഥന നടത്തുന്നത്. ഇഷ്ടമുള്ള തടവുകാര്‍ക്കു പുറത്തു വരാന്തയില്‍ ഇരുന്നു പങ്കെടുക്കാം. എന്നാല്‍ ഈ സമയത്തും ദിലീപ് സെല്ലില്‍ നിന്നു പുറത്തിറങ്ങിയിരുന്നില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.