‘രാഹുല്‍ ഗാന്ധിയെ കാണാനില്ല’; എംപിക്കെതിരെ പ്രതിഷേധമറിയിച്ച് അമേത്തിയില്‍ പോസ്റ്ററുകള്‍

single-img
8 August 2017

കോണ്‍ഗ്രസ് ഉപാധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് അമേത്തിയില്‍ പോസ്റ്ററുകള്‍. രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് തിങ്കളാഴ്ചയോടെ മണ്ഡലത്തിലെ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടത്. ‘അമേത്തിയില്‍ നിന്നുള്ള ജനപ്രതിനിധി രാഹുല്‍ ഗാന്ധിയെ കാണ്‍മാനില്ല.

എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും ഉറപ്പു നല്‍കിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. അമേത്തിയിലെ ജനങ്ങള്‍ ഇത്തരത്തില്‍ പരിഹാസരാവുകയും ചതിക്കപ്പെടുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ കണ്ടെത്തി തരുന്നവര്‍ക്ക് പ്രതിഫലം നല്‍കും, എന്ന് അമേത്തിയിലെ ജനങ്ങള്‍’ എന്നതാണ് പോസ്റ്ററിലെ ഉള്ളടക്കം.

വോട്ട് നല്‍കിയ ജനങ്ങളെ തിരിഞ്ഞു നോക്കാതെ അപമാനിക്കുന്ന രാഹുലിന്റെ നിലപാടിനെതിരെ വന്‍ജനരോഷമാണ് മണ്ഡലത്തിലുള്ളത്. ലഖ്‌നൗവിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമായപ്പോള്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയതൊഴിച്ചാല്‍ മണ്ഡലത്തിലേക്ക് രാഹുല്‍ എത്തിയിട്ട് ഒരു വര്‍ഷത്തിലേറെ ആയെന്നാണ് ജനങ്ങളുടെ ആരോപണം. അതേസമയം പോസ്റ്ററുകള്‍ പതിച്ചത് ബിജെപി പ്രവര്‍ത്തകര്‍ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.