നുണ പറഞ്ഞ് പണിപോയി: പോലീസ് ദമ്പതികളുടെ തൊപ്പി തെറിച്ചത് ഇങ്ങനെ

single-img
8 August 2017

പൂണെ: എവറസ്റ്റ് കീഴടക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പോലീസ് ദമ്പതികള്‍ക്ക് തെറിച്ചത് തൊപ്പി. ‘ഫോട്ടോഷാപ്പ്’ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം എവറസ്റ്റിനു മുകളില്‍ നില്‍ക്കുന്ന ചിത്രമാണെന്ന് ആളുകളെ തെറ്റിധരിപ്പിച്ചതാണ് പൂണെയിലെ പോലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡിനും ഭാര്യ താരകേശ്വരിക്കും പണി കൊടുത്തത്.

ഇവരെ അന്വേഷണ വിധേയമായി മുന്‍പ് തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ ദമ്പതികള്‍ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണമായിരുന്നു ലഭിച്ചിരുന്നത്. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് പിന്നാലെ നേപ്പാള്‍ ടൂറിസം മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റും വാങ്ങിയെടുക്കാന്‍ പോലീസ് ദമ്പതികള്‍ മറന്നില്ല. തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ ചിത്രങ്ങള്‍ ദമ്പതികള്‍ പ്രചരിപ്പിക്കുകയായിരുന്നു.

എവറസ്റ്റ് കീഴടക്കിയെന്ന വാദത്തെ തള്ളി മറ്റ് പര്‍വ്വതാരോഹകരും രംഗത്തുവന്നതോടെയാണ് ഫോട്ടോ തട്ടിപ്പ് പുറം ലോകം അറിഞ്ഞത്. ചിത്രം വ്യാജമാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നേപ്പാള്‍ ടൂറിസം മന്ത്രാലയവും പൂനെ പോലീസും അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എവറസ്റ്റ് കീഴടക്കിയതിനെ കുറിച്ച് ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ പരസ്പര വിരുദ്ധമാണെന്ന് സംഘം കണ്ടെത്തി. തുടര്‍ന്ന് പോലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തിയതായി ആരോപിച്ച് ഇവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇതോടെ രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നതില്‍ പത്ത് വര്‍ഷത്തേക്ക് നേപ്പാള്‍ സര്‍ക്കാര്‍ ഇവരെ വിലക്കിയിരിക്കുകയാണ്.