ഓവിയയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞിട്ടില്ലെന്ന് ചിമ്പു

single-img
8 August 2017


ചെന്നൈ: ഓവിയയെ വിവാഹം ചെയ്യാമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചിമ്പു. കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന തമിഴ് റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിന്നും മലയാളി താരം ഒവിയ ഹെലന്‍ പുറത്തായത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ഷോയില്‍ നിന്നും പുറത്തായ നടിയെ തുടക്കം മുതല്‍ പിന്തുണ നല്‍കി ചിമ്പുവൊപ്പമുണ്ടായിരുന്നു. അതിനിടയ്ക്കാണ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ നടിക്ക് ചിമ്പു വിവാഹ വാഗ്ദാനം നല്‍കിയെന്ന വാര്‍ത്ത തമിഴകത്ത് പടര്‍ന്നത്. എന്നാല്‍ ഇത് നിഷേധിച്ചാണ് താരം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ചിമ്പുവിന്റെ ട്വിറ്റര്‍ പേജിലെ ഒരു സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഈ വാര്‍ത്ത പ്രചരിച്ചിരുന്നത്. ദൈവാനുഗ്രഹമുള്ള, ധൈര്യശാലിയായ പെണ്‍കുട്ടിയാണ് ഓവിയയെന്നും ഓവിയയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു ആ ട്വീറ്റിലുണ്ടായിരുന്നത്. പിന്നീട് ചിമ്പു ആ ട്വീറ്റ് നീക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു. എസ്.ടി.ആര്‍ എന്ന പേരുള്ള ചിമ്പുവിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിന്റേത് തന്നെയായിരുന്നു ഈ സ്‌ക്രീന്‍ ഷോട്ട്.

എന്നാല്‍ മനസാക്ഷിയില്ലാത്ത ചിലര്‍ തന്റെ പേര് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഇതാദ്യത്തെ സംഭവമല്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പക്ഷേ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ നടിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ശരിക്കും വേദനിപ്പിച്ചു. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും ഉത്തരവാദിത്വബോധമില്ലാത്ത ചിലരാണ് ട്വീറ്റ് ചെയ്തതെന്നും ചിമ്പു പറയുന്നു.

എന്നാല്‍ ചില മാധ്യമങ്ങള്‍ അത് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ളതാണെന്ന് വിശ്വസിച്ച് വാര്‍ത്ത നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്ത് തന്നെ വളരെയധികം വിഷമിപ്പിച്ചു. താന്‍ കരുതുന്നത് മീഡിയയ്ക്ക് അതിന്റേതായ ഉത്തരവാദിത്വവും ചുമതലയുമുണ്ടെന്നാണ്. പക്ഷേ നിരുത്തരവാദപരമായ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ട് തനിക്ക് മിണ്ടാതിരിക്കാനാകില്ല.

തന്റെ മീഡിയാ വക്താക്കളില്‍ നിന്നോ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നോ വരുന്ന കാര്യങ്ങള്‍ മാത്രം വാര്‍ത്തയാക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചിലരുടെ പ്രവര്‍ത്തികളെ വിശ്വസിക്കരുതെന്നും ചിമ്പു പറയുന്നു. ഔദ്യോഗികമായി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ചിമ്പു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.