അഞ്ഞൂറിന്റെ രണ്ടുതരം നോട്ടുകള്‍; നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ്

single-img
8 August 2017

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം രണ്ട് തരത്തിലുള്ള അഞ്ഞൂറ് രൂപാ നോട്ടുകളാണ് റിസര്‍വ്വ് ബാങ്കില്‍ അച്ചടിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി കപില്‍ സിബല്‍. ഈ നൂറ്റാണ്ട് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിയാണ് ഇതെന്നും കപില്‍ സിബല്‍ ആരോപിച്ചു.

ഇന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്തിനാണ് സര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്ന്. ആര്‍ബിഐ രണ്ട് തരത്തിലുള്ള നോട്ടുകളാണ് അച്ചടിക്കുന്നത്. രണ്ട് വ്യത്യസ്ത വലിപ്പത്തിലും ഡിസൈനിലുമുള്ളവ. ഇതെങ്ങനെ സാധ്യമാകുന്നുവെന്നും കപില്‍ സിബല്‍ രാജ്യസഭയില്‍ ചോദിച്ചു.

പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും വേണ്ടി രണ്ട് തരത്തിലുള്ള നോട്ടുകളാണ് അച്ചടിക്കുന്നതെന്നും ഇക്കാര്യം കൊണ്ടു തന്നെയാണ് ബിജെപിയുടെ കൈവശം ഇത്രയധികം പണം കുമിഞ്ഞു കൂടുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

എന്നാല്‍ നിരുത്തരവാദിത്വപരവും അടിസ്ഥാനരഹിതവുമായ വാദങ്ങളിലൂടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കി. ഏതെങ്കിലും ഒരു പേപ്പര്‍ വീശികാണിച്ച് ആരോപണമുന്നയിക്കുന്നതില്‍ കഴമ്പില്ല. കറന്‍സിയെ കുറിച്ച് നിരുത്തരവാദ പരാമര്‍ശങ്ങള്‍ നടത്തി സീറോ അവര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.