രാഹുല്‍ ഗാന്ധിക്ക് നേരെയുള്ള അക്രമം; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

single-img
8 August 2017


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്തില്‍ ബിജെപി നടത്തിയ അക്രമത്തെ ചൊല്ലി ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയുണ്ടായി. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയാണ് വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ആക്രമണം നടന്നപ്പോള്‍ വേണ്ടത്ര സുരക്ഷ ഒരുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും രാഹുലിനെ കല്ലെറിഞ്ഞ് കൊല്ലാനുള്ള ശ്രമമാണ് ഗുജറാത്തില്‍ നടന്നതെന്നും മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.

കശ്മീരിലെ ജനങ്ങള്‍ കല്ലെറിയുമ്പോള്‍ ഭീകരര്‍ കല്ലെറിയുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അതേ ഭീകരത തന്നെയാണ് ഗുജറാത്തിലെ ബിജെപി അംഗങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നേരെയും അഴിച്ചുവിട്ടത്. ജനങ്ങളുടെ കണ്ണീരൊപ്പാനാണ് രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക് പോയതെന്നും ഖാര്‍ഗെ വ്യക്തമാക്കി.

അതേസമയം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുമ്പുതന്നെ എസ്പിജി ഉദ്യോഗസ്ഥര്‍ വേണ്ട സുരക്ഷ ഒരുക്കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സഭയെ അറിയിച്ചു. ഏതുവിധത്തിലുള്ള സുരക്ഷാ സംവിധാനം വേണമെന്ന് ആഗസ്റ്റ് മൂന്നാം തീയതി സംസ്ഥാന സര്‍ക്കാരുമായി എസ്പിജി ചര്‍ച്ച നടത്തിയിരുന്നു.

200 അംഗ പൊലീസ് സംഘത്തെ ഇതിനായി നിയോഗിച്ചിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനവും ഒരുക്കി. എന്നാല്‍, മറ്റൊരു വാഹനത്തില്‍ യാത്ര ചെയ്യൂവെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എസ്പിജി സുരക്ഷയുള്ള ആള്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ തന്നെ ഉപയോഗിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.