അമ്മയുടെ തലപ്പത്ത് ചെറുപ്പക്കാര്‍ വരാനുള്ള സമയമായിട്ടില്ല; കുഞ്ചാക്കോ ബോബന്‍

single-img
8 August 2017

കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്ത് ചെറുപ്പക്കാര്‍ വരാനുള്ള സമയം ആയിട്ടില്ലെന്ന് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. അമ്മയുടെ നേതൃനിരയില്‍ മാറ്റം വരുന്നതായി വാര്‍ത്തകള്‍ വന്നതിനു പിന്നാലെ കുഞ്ചാക്കോ ബോബന്റെയും സുരേഷ് ഗോപിയുടെയും അടക്കം പല പ്രമുഖ താരങ്ങളുടെയും പേരുകള്‍ ആദ്യം മുതല്‍ക്കേ കേട്ടിരുന്നു.

ഇതിനു പിന്നാലെയാണ് കുഞ്ചാക്കോ ബോബന്‍ പ്രതികരണവുമായി എത്തിയത്. സ്ഥാനങ്ങള്‍ക്ക് പക്വത വരുമ്പോള്‍ മാത്രമാണ് ചെറുപ്പക്കാര്‍ ആ സ്ഥാനത്തേക്ക് വരേണ്ടത്. അല്ലാത്തപക്ഷം ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് ആയുധം നല്‍കുന്ന അവസ്ഥയാകും അത്. അംഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് അമ്മ. സംഘടനയുടെ തലപ്പത്ത് ഇപ്പോഴിരിക്കുന്നവരെക്കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ല.

പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ചാനലുകളോട് ശത്രുത കാണിക്കുന്നത് ശരിയായ മനോഭാവമല്ലെന്നും യുവതാരം പ്രതികരിച്ചു. ഇത്രനാള്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് പോയൊരാളെ ഇരുകൂട്ടരും ഓര്‍ക്കണമെന്നും കുഞ്ചാക്കോ ബോബന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നേരത്തെ ഇക്കാര്യം വ്യക്തമാക്കി പ്രഥ്വിരാജും രംഗത്തുവന്നിരുന്നു.