കൂത്താമ്പുള്ളിയില്‍ കാട്ടാനക്കൂട്ടം ഭീതിപടര്‍ത്തുന്നു: ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ 144 പ്രഖ്യാപിച്ചു

single-img
8 August 2017


തൃശൂര്‍: നാട്ടില്‍ ഭീതി പടര്‍ത്തി കാട്ടാനക്കൂട്ടം. പാലക്കാട് തൃശൂര്‍ അതിര്‍ത്തി പ്രദേശത്താണ് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം തുടര്‍ച്ചയായ രണ്ടാം ദിനവും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കുട്ടിയാനയുമായി കാടുവിട്ട് നാട്ടിലെത്തിയ ഒരു കൊമ്പനും പിടിയുമാണ് രാത്രികാലങ്ങളില്‍ അലറിവിളിച്ചും മരങ്ങള്‍ നശിപ്പിച്ചും നാട്ടില്‍ സൈ്വരവിഹാരം നടത്തുന്നത്.

നാട്ടുകാര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പെരിങ്ങോട്ടുകുറിശ്ശിയിലെ ജനവാസപ്രദേശത്തുനിന്നു മാറിയ മൂന്ന് ആനകളും ഭാരതപുഴ പാലപ്പുറത്തിനും കൂത്താമ്പുള്ളിക്കും ഇടയിലുള്ള ഭാഗത്ത് എത്തി. ഇരുഭാഗത്തും ജനങ്ങള്‍ കൂടി നില്‍ക്കുന്നതിനാല്‍ ആനകള്‍ പുഴയുടെ നടുവിലാണ് നില്‍ക്കുന്നത്.

അതിനിടെ, ആനയിറങ്ങിയ കൂത്താമ്പുള്ളി മേഖലയില്‍ 144 പ്രഖ്യാപിച്ചു. ജനത്തെ പിരിച്ചുവിടാനാണിത്. ആനകളെ പടക്കം പൊട്ടിച്ച് ഓടിക്കുക മാത്രമാണു വഴിയെന്നാണ് വനം വകുപ്പിന്റെ നിലപാട്. മൂന്ന് ആനകള്‍ ഉള്ളതിനാലും ഭയന്ന് അക്രമാസക്തമാകാന്‍ സാധ്യതയുള്ളതിനാലും മയക്കുവെടി വയ്ക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ആനകളെ കാട്ടിലേക്ക് ഓടിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ച ഇവ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങുകയായിരുന്നു. ഇവിടെ നിന്നും ആനകളെ കാട്ടിലേക്ക് കയറ്റാന്‍ പഠിച്ച പണി പതിനെട്ടും നാട്ടുകാര്‍ നടത്തി നോക്കിയിട്ടും വിജയം കണ്ടില്ല. ഇന്നു രാവിലെയാണ് തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേത്തേക്ക് കാട്ടാനക്കൂട്ടം എത്തിയത്. വനം പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെങ്കിലും ആനകളെ കാടുകയറ്റാനുള്ള ശ്രമം പരാജയപ്പെടുകയാണ്.

ആനകളെ കാടുകയറ്റുന്നതില്‍ വിദഗ്ധരായ വയനാട് മുത്തങ്ങയില്‍ നിന്നുള്ള സംഘത്തെ സ്ഥലത്തെത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും വനം ഉദ്യോഗസ്ഥരും. അതേസമയം, സമീപത്ത് വനമേഖലയില്ലാത്തത് ആനകളെ കാടുകടത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.

പാലക്കാട്ടെ മുണ്ടൂരിലും പറളിയിലും ഭീതി വിതച്ച കാട്ടാനകളാണ് മാങ്കുറിശ്ശിയിലും പരിസരത്തും വനപാലകര്‍ക്കും നാട്ടുകാര്‍ക്കും നേരെ കൊലവിളിയുമായി പാഞ്ഞടുത്തത്. ഓഗസ്റ്റ് നാലിനാണ് മാങ്കുറിശ്ശിയിലെ ജനവാസമേഖലയില്‍ കാട്ടാനകള്‍ ഇറങ്ങിയത്. പാലക്കാട് കോഴിക്കോട് ദേശീയപാത മുറിച്ച് കടന്ന് 30 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ആനകള്‍ മാങ്കുറിശ്ശിയിലെത്തിയത്.

പുലര്‍ച്ചെ റോഡരികിലുള്ള വയലിലാണ് ഇവ നിലയുറപ്പിച്ചിരുന്നത്. നേരം പുലര്‍ന്നതോടെ ആനകള്‍ സമീപത്ത് വന്‍മരങ്ങള്‍ നിറഞ്ഞ സ്വകാര്യ വ്യക്തികളുടെ നാല് ഏക്കറോളം വരുന്ന സ്ഥലത്തേക്ക് മാറി. വിവരം അറിഞ്ഞ് വനപാലകരും പൊലീസും സ്ഥലത്തെത്തി. പ്രദേശവാസിയുടെ പറമ്പിന്റെ വേലിയും കാട്ടാനകള്‍ തകര്‍ത്തു. തൊട്ടടുത്ത ജനവാസ മേഖലയായ കൂരാത്ത് കോളനിയില്‍ എത്തിയ കാട്ടാനകള്‍ വെള്ളം കുടിച്ച ശേഷം വീണ്ടും പറമ്പില്‍ നിലയുറപ്പിച്ച് നാശനഷ്ടം വരുത്തുകയായിരുന്നു.