“ഇത് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സിപിഎമ്മുകാര്‍”: ജയ്റ്റ്‌ലിക്ക് മുന്നില്‍ പട്ടികയുമായി ഇടത്‌ എംപിമാര്‍

single-img
8 August 2017

ന്യൂഡല്‍ഹി: ഇടതുപക്ഷ എംപിമാര്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു. കേരളത്തില്‍ ആര്‍.എസ്.എസ് കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ പട്ടിക അരുണ്‍ ജയ്റ്റ്‌ലിക്ക് കൈമാറി. അക്രമസംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അരുണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്ത് എത്തി കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. കേരളത്തില്‍ സിപിഎം ഏകപക്ഷീയമായി അക്രമം നടത്തുന്നുവെന്നും സംഘടനാ പ്രവര്‍ത്തനം അനുവദിക്കുന്നില്ലെന്നുമായിരുന്നു ബിജെപിയുടെ ആരോപണം.

തുടര്‍ന്ന് ജയ്റ്റ്‌ലി ആര്‍.എസ്.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കണമെന്ന ആവശ്യവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇടതു എംപിമാര്‍ കൊല്ലപ്പെട്ടവരുടെ പട്ടിക ജയ്റ്റിലിക്ക് നേരിട്ട് കൈമാറിയത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പിന്നില്‍ സി.പി.എം മാത്രമല്ല ബിജെപിയും ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ സി.പി.എം-ബിജെപി സംഘര്‍ഷങ്ങള്‍ക്ക് ഒടുവിലാണ് തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിനെ സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഇതാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയതും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലേക്കു കാര്യങ്ങളെത്തിച്ചതും.