സിഎജി റിപ്പോര്‍ട്ടിന് മറുപടി പറയേണ്ടത് താനല്ലെന്ന് ജേക്കബ് തോമസ്: ‘എനിക്കെതിരായ ഓരോ റിപ്പോര്‍ട്ടിലും ഓരോ ലക്ഷ്യം’

single-img
8 August 2017

തിരുവനന്തപുരം: തുറമുഖ വകുപ്പില്‍ താന്‍ മേധാവിയായിരുന്ന സമയത്ത് ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് മറുപടി പറയാനില്ലെന്ന് മുന്‍ വിജിലന്‍സ് മേധാവിയും നിലവിലെ ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസ്. റിപ്പോര്‍ട്ട് സംബന്ധിച്ച് ഉത്തരം പറയേണ്ടത് താനല്ല, വി.എസ് സര്‍ക്കാരിലെ ചുമതലപ്പെട്ടവരാണെന്നും വിജിലന്‍സ് ഡയറക്ടറായിരുന്നതിനാലാണ് തനിക്കെതിരെയുള്ള ഈ റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.

കപ്പല്‍ ഓടിക്കാന്‍ അറിയാത്ത തന്നെ തുറമുഖ വകുപ്പ് ഡയറക്ടറാക്കിയവരാണ് ഇത് വിശദീകരിക്കേണ്ടത്. മന്ത്രിയും സര്‍ക്കാരും പറഞ്ഞത് അനുസരിക്കുകയാണ് താന്‍ ചെയ്തത്. വിഎസ് അച്യുതാനന്ദനും വകുപ്പ് മന്ത്രിയുമാണ് മറുപടി പറയേണ്ടത്. വിജിലന്‍സില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ശത്രുക്കളുണ്ടായത്. സത്യം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ജനങ്ങള്‍ക്ക് സത്യമറിയാമെന്നും ജേക്കബ് തോമസ് പറഞ്ഞു.

തുറമുഖ വകുപ്പ് ആസ്ഥാനം നിര്‍മ്മിക്കുന്നതില്‍ തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്.  സൗരോര്‍ജ പാനല്‍ സ്ഥാപിച്ചതിലും, കെട്ടിട നിര്‍മാണത്തിലും ക്രമക്കേട് നടത്തിയതായും സിഎജി കണ്ടെത്തി.

അതേസമയം ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും സിഎജി ശരിവെച്ചു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ മണ്ണുമാന്തിക്കപ്പല്‍ ഇടപാടില്‍ കോടികളുടെ ക്രമക്കേട് നടന്നെന്നു ധനകാര്യപരിശോധനാ വിഭാഗം മാസങ്ങള്‍ക്കുമുമ്പു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍, ജേക്കബ് തോമസിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. ഐ.എ.എസ്. അസോസിയേഷന്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇക്കാര്യം മുഖ്യമന്ത്രി പരിഗണനക്കെടുത്തില്ല. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചയുടന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന നടത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

കൊടുങ്ങല്ലൂരിലെ ഓഫീസില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. തുറമുഖ വകുപ്പിന്റെ ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനെ തുടര്‍ന്ന് ഈയിനത്തില്‍ 2.4 ലക്ഷം രൂപ അധിക നികുതി നല്‍കിയെന്നുമാണ് കുറ്റപ്പെടുത്തല്‍. 2009 മുതല്‍ 2014 വരെയാണ് തുറമുഖ ഡയറക്ടറായി ജേക്കബ് തോമസ് പ്രവര്‍ത്തിച്ചത്. 1.93 കോടി രൂപയില്‍ നിര്‍മ്മിച്ച തുറമുഖ വകുപ്പ് ആസ്ഥാന കെട്ടിടം നശിക്കുന്നതായും ചൂണ്ടികാണിക്കുന്നു.