‘കോളറ’യെ പേടിക്കണം: മുന്‍കരുതലുകള്‍ എടുക്കേണ്ടത് എങ്ങനെ

single-img
8 August 2017

സംസ്ഥാനത്ത് കോളറ പടര്‍ന്നു പിടിക്കുന്നതിനിടെ ആരോഗ്യ വകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എല്ലാ ആശുപത്രികളിലും കോളറയ്‌ക്കെതിരെയുള്ള പ്രതിരോധ മരുന്നുകള്‍ സജ്ജമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കോളറ പിടിപെട്ടുള്ള മരണം സ്ഥിരീകരിച്ചത്. കോഴിക്കോട്ട് പത്തു ദിവസം മുമ്പ് പശ്ചിമ ബംഗാളില്‍ നിന്ന് വന്ന അന്യ സംസ്ഥാന തൊഴിലാളികളിലാണ് കോളറയുടെ ലക്ഷണങ്ങള്‍ ആദ്യം കണ്ടെത്തിയത്. 2014ലാണ് സംസ്ഥാനത്ത് ഇതിനുമുമ്പ് കോളറ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്താണ് കോളറ

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛര്‍ദ്യാതിസാരം. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍നിന്ന് ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ കടക്കുന്ന ഇവ ‘കോളറാ ടോക്‌സിന്‍’ എന്ന വിഷവസ്തു ഉല്‍പാദിപ്പിക്കുന്നു.

ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസര്‍ജനം വഴി പുറത്താകുന്ന ഈ ബാക്ടീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഇത്തരം ബാക്ടീരിയകള്‍ക്ക് വെള്ളത്തില്‍ ഏറെ നേരം ജീവിക്കാന്‍ കഴിയും. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. വേഗത്തില്‍ നിര്‍ജലീകരണം നടക്കുന്നതിനാല്‍ ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശരാക്കുന്നതിനും മരണത്തിനും വരെ കോളറ കാരണമാകുന്നു.

മുന്‍കരുതലുകള്‍

ജലജന്യ രോഗമായ കോളറ മലിന ജലത്തിലൂടെയാണ് പകരുന്നത് എന്നതിനാല്‍ പരിസര ശുചീകരണമാണ് രോഗം തടയാന്‍ പ്രധാനമായും വേണ്ടത്. ചുറ്റുപാടുകള്‍ മലിനമാകാതെ സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണശുചിത്വം ഉറപ്പുവരുത്തുക, ശൗചാലയത്തില്‍ പോയ ശേഷം കൈകള്‍ വൃത്തിയാക്കുക, കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും മറ്റും അണുവിമുക്തമാണെന്ന് ഉറപ്പാക്കുക തുടങ്ങിയ മുന്‍കരുതലുകളിലൂടെ കോളറയെ പ്രതിരോധിക്കാം.