ചാറ്റിങ്ങിലൂടെ യുവാക്കളെ വശീകരിച്ച് മോഷണം: പ്രതിയെ പോലീസ് തന്ത്രപരമായി കുടുക്കി

single-img
8 August 2017

തൊടുപുഴ: ചാറ്റിങ്ങിലൂടെ സ്ത്രീകളെ കെണിയില്‍ വീഴ്ത്തുന്നതും ബ്ലാക്‌മെയിലിങ് നടത്തുന്നതുമൊക്കെയായ നിരവധി വാര്‍ത്തകള്‍ നാം പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ ചാറ്റിങ്ങിലൂടെ പുരുഷന്മാരെ വശീകരിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച് മോഷണം പതിവാക്കിയ വിരുതനാണിപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്.

പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ മാനസ് പറമ്പില്‍ മാളിയേക്കല്‍ വീട്ടില്‍ അലാവുദ്ദീന്‍(29) ആണ് തൊടുപൂഴ പോലീസിന്റെ് പിടിയിലായിരിക്കുന്നത്. തൊടുപുഴ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ ചാറ്റിങ്ങ് കെണിയൊരുക്കിയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച് വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിക്കുകയാണ് ഇയാളുടെ പതിവ്.

തൊടുപുഴ സ്വദേശിയായ യുവാവിനെയും അലാവുദ്ദീന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുകയായിരുന്നു. പിന്നീട് തൊടുപുഴ ലോഡ്ജില്‍ ഇരുവരും മുറിയെടുത്തു. എന്നാല്‍ യുവാവ് ഉറങ്ങുന്നതിനിടെ അലാവുദ്ദീന്‍ ലാപ്‌ടോപ്, എടിഎം കാര്‍ഡ്, രണ്ട് മൊബൈല്‍ ഫോണ്‍, 6000 രൂപ എന്നിവ മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.

പിന്നീട് ഇയാള്‍ ലാപ്‌ടോപ്പിലെ ചില ദൃശ്യങ്ങള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു ലക്ഷം രൂപ വേണമെന്നായിരുന്നു അലാവുദ്ദീന്റെ ആവശ്യം.  യുവാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.