ബിജെപി നേതാക്കള്‍ക്ക് ചുട്ടമറുപടിയുമായി യുവതി: ‘രാത്രി വൈകി ഞാന്‍ പുറത്തുപോകുന്നത് നിങ്ങള്‍ അന്വേഷിക്കേണ്ട’

single-img
8 August 2017

ചണ്ഡിഗഢ്: ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ മകന്‍ വികാസ ബരാല രാത്രി വാഹനം തടഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ വികാസ ബരാലയെ ന്യായീകരിച്ചും യുവതിയെ അപകീര്‍ത്തിപ്പെടുത്തിയും രംഗത്തെത്തിയ ബിജെപി നേതാക്കള്‍ക്ക് ചുട്ട മറുപടിയുമായി ആക്രമണത്തിനിരയായ യുവതി രംഗത്തെത്തി. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ മകളും ഡിസ്‌കോ ജോക്കിയുമായ വര്‍ണിക കുന്ദു നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്.

വര്‍ണിക കുന്ദുവിനെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് വികാസും സുഹൃത്തും കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ സംഭവത്തിനു ശേഷം വര്‍ണികയെ കുറ്റപ്പെടുത്തി ഹരിയാന ബിജെപി നേത്യത്വം രംഗത്തെത്തിയിരുന്നു.

അര്‍ധ രാത്രി 12 മണിക്ക് പെണ്‍കുട്ടി എന്തിനാണ് പുറത്തിറങ്ങിയതെന്നാണ് നേത്യത്വം കുറ്റപ്പെടുത്തിയത്. ‘രാത്രി പന്ത്രണ്ട് മണിക്ക് എന്തിനാണ് ഒറ്റയ്ക്ക് കാറോടിച്ച് പോയത്, എങ്ങോട്ടാണ് അവള്‍ പോയത്, ഇന്നത്തെ കാലം നല്ലതല്ല നമ്മള്‍ വേണം നമ്മളെ തന്നെ സൂക്ഷിക്കാന്‍’ എന്നാണ് ബിജെപി ഹരിയാന സംസ്ഥാന വൈസ് പ്രസിഡന്റ് രാംവീര്‍ ഭാട്ടി പറഞ്ഞത്.

എന്നാല്‍ ‘ഇത് നിങ്ങള്‍ അന്വേഷിക്കേണ്ട കാര്യമല്ലെന്നായിരുന്നു’ വര്‍ണികയുടെ മറുപടി. ഞാന്‍ എവിടെ പോകുന്നു, എന്തുചെയ്യുന്നു എന്നുള്ളത് എന്റെ സ്വകാര്യ കാര്യങ്ങളാണ്, എന്റെ കുടുംബം മാത്രം ഇതില്‍ ഇടപെട്ടാല്‍ മതി, അതില്‍ നിങ്ങളാരും ഇടപെടേണ്ടെന്നുമായിരുന്നു വര്‍ണിക പറഞ്ഞത്.

മാത്രമല്ല ബിജെപി നേതാവിന്റെ മകനും സുഹൃത്തുക്കളും രാത്രി അവിടെയെത്തിയത് എന്തിനെന്ന് അദ്ദേഹം എന്തുകൊണ്ട് ചോദിക്കുന്നില്ലെന്നുമായിരുന്നു വര്‍ണികയുടെ ചോദ്യം. ഇത്തരം ചിന്താഗതി ഉള്ളവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഏതു സമയത്തും പുറത്തുപോകുന്നതില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുമായിരുന്നില്ല. അത് 12 മണിക്കോ രണ്ടുമണിക്കോ നാലു മണിക്കോ ആകട്ടെയെന്നും വര്‍ണിക പറഞ്ഞു.

‘രാത്രി അത് സംഭവിച്ചു എന്നത് എന്റെ കുറ്റമാണോ? ആണുങ്ങള്‍ക്ക് എന്തുകൊണ്ട് രാത്രികാലങ്ങളില്‍ സ്വയം നിയന്ത്രിച്ചുകൂടാ? ഞാന്‍ എന്തിന് ചോദ്യം ചെയ്യപ്പെടുന്നു. ആക്രമണത്തിന് ഇരയായ ആളാണ് ഞാന്‍.. എന്നാല്‍ അവരെ ആരും ചോദ്യം ചെയ്യുന്നില്ല. ലൈംഗിക അതിക്രമങ്ങളില്‍ ഇരയായ പെണ്‍കുട്ടികളെ പോലെ എനിക്ക് മുഖം മൂടി നടക്കേണ്ട, ഞാന്‍ കുറ്റക്കാരിയല്ല, ആക്രമണങ്ങളെ അതിജീവിച്ചയാളാണ്‌, അപ്പോള്‍ എനിക്ക് നീതി ലഭിക്കുകതന്നെ വേണമെന്നും’ വര്‍ണിക വ്യക്തമാക്കി.

ഇതിനിടയില്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്കെതിരെ അപകീര്‍ത്തിപരമായി സംസാരിച്ച ബിജെപി നേതാക്കള്‍ക്കെതിരെ ഒരു കൂട്ടം സ്ത്രീകള്‍ ഹാഷ് ടാഗ് ക്യാമ്പയ്‌നുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘രാത്രി പന്ത്രണ്ട് മണിക്ക് പെണ്‍കുട്ടികള്‍ എന്തിനാണ് പുറത്തുപോവുന്നതെന്നും അതുകൊണ്ടാണ് അവര്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാവുന്നതെന്നുമുള്ള’ ബിജെപി നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ രാത്രിയില്‍ പുറത്തുനിന്നുള്ള ചിത്രം ട്വീറ്റ് ചെയ്താണ് ഇവര്‍ പ്രതിഷേധിച്ചത്.