സംഭാവന നല്‍കാത്തതിന് ഭീഷണിപ്പെടുത്തല്‍: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്‌തേക്കും

single-img
8 August 2017

കൊല്ലം: ചവറയില്‍ ആവശ്യപ്പെട്ട തുക പിരിവ് നല്‍കാത്തതിനു വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയംഗം ബി.സുഭാഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. ചവറയില്‍ കുടിവെള്ള വ്യാപാരിയായ മനോജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.

വ്യാപാരിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായതോടെ സുഭാഷിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. രസീതില്‍ രേഖപ്പെടുത്തിയ 5000 രൂപ പിരിവ് നല്‍കാത്തതിന്റെ പേരിലായിരുന്നു ഇയാളുടെ ഭീഷണി. പറഞ്ഞ തുക തന്നില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന് സുഭാഷ് ഫോണിലൂടെ മനോജിനെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു.

ഈ മാസം 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്റ്റേറ്റ് ഫണ്ട് എന്ന പേരില്‍ 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ മനോജിനെ സമീപിച്ചു. പാര്‍ട്ടി തരുന്ന രസീതിലെ തുക നല്‍കാനാവില്ലെന്നും 3000 രൂപയേ നല്‍കാനാവൂ എന്നും മനോജ് വ്യക്തമാക്കി. എന്നാല്‍ വര്‍ഷത്തില്‍ ഒരു പിരിവാണുള്ളതെന്നും അതിന് 5000 രൂപ വേണമെന്നുമായിരുന്നു നേതാവിന്റെ ആവശ്യം.

മനോജ് പണം നല്‍കില്ലെന്നുറപ്പായതോടെ അന്ന് വൈകിട്ട് സുഭാഷ് മനോജിനെ ഫോണില്‍ വിളിക്കുകയും 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് മനോജ് ബിജെപി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുകയുണ്ടായി.

സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പിന്നീട് പോലീസിനും പരാതി നല്‍കിയിരുന്നുവെന്നും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും മനോജ് പറയുന്നു. സംഭവം പുറത്തായതിനെത്തുടര്‍ന്നാണ് പോലീസിപ്പോള്‍ കേസെടുത്തിരിക്കുന്നത്.