ആധാര്‍ നിങ്ങള്‍ക്കു തന്നെ സുരക്ഷിതമാക്കാം: ആധാര്‍ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇതു ചെയ്യൂ

single-img
8 August 2017

ന്യൂഡല്‍ഹി: ഇന്ന് എന്തിനും ഏതിനും ആധാര്‍ വേണം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും, സബ്‌സിഡിക്കും, നികുതി സമര്‍പ്പിക്കുന്നതിനും, പണമിടപാടിനും എന്നിങ്ങനെ ഏത് സേവനത്തിനും ആധാര്‍ കാര്‍ഡ് അവസാന വാക്കാവുകയാണ്.

എന്നാല്‍ ദിനം പ്രതി ആധാറിന്റെ ആവശ്യം കൂടിക്കൂടി വരുന്ന സാഹചര്യത്തില്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്നതും അത് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും നിലവിലുണ്ട്. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായ വാര്‍ത്ത ദിവസവും പുറത്ത് വരുന്ന പശ്ചാത്തലത്തില്‍, ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വത്തിനും പ്രാധാന്യമേറുകയാണ്.

ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്. വെറും മൂന്ന് ക്ലിക്കില്‍ ആധാര്‍ വിവരങ്ങള്‍ നിങ്ങള്‍ക്കു തന്നെ സുരക്ഷിതമാക്കാം.

ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാന്‍ :

1. ” https://resident.uidai.gov.in/biometericlock” എന്ന ലിങ്കില്‍ പ്രവേശിക്കുക (അല്ലെങ്കില്‍ https://uidai.gov.in എന്ന യു.ഐ.ഡി.എ.ഐയുടെ വെബ്‌സൈറ്റിലെ ഹോം പേജില്‍, ‘‘Aadhaar Services” എന്ന വിഭാഗത്തിലെ ”Lock/Unlock Biomterics” ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ വിന്‍ഡോയില്‍ മേല്‍പ്പറഞ്ഞ ലിങ്ക് പ്രത്യക്ഷമാകും)

2.നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ ചേര്‍ക്കുക, തുടര്‍ന്ന് അവിടെ ലഭ്യമായിരിക്കുന്ന സെക്യൂരിറ്റി കോഡും നല്‍കുക. അതിനുശേഷം ഒ.ടി.പി.ക്കായി ക്ലിക്ക് ചെയ്യുക.

3.രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈലില്‍ ലഭ്യമായ ഒ.ടി.പി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത്, ‘enable’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇതോടെ നിങ്ങളുടെ ബയോമെട്രിക് ആധാര്‍ വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമായിരിക്കും. പിന്നീട് ആരെങ്കിലും ഇതേ ആധാര്‍ വിവരങ്ങളുടെ വെരിഫിക്കേഷനു വേണ്ടി ശ്രമിക്കുകയാണെങ്കില്‍ 303 എന്ന എറര്‍ കോഡാകും ലഭ്യമാകുക.

തുടര്‍ന്ന് എന്തെങ്കിലും ആവശ്യത്തിനായി ആധാര്‍ വിവരങ്ങളുടെ വെരിഫിക്കേഷന്‍ വേണ്ടി വരികയാണെങ്കില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ താത്കാലികമായി വിവരങ്ങള്‍ ഡിസേബിള്‍ ചെയ്യുവാനും സാധിക്കും.