“മാഡം കെട്ടുകഥയല്ല; സിനിമാരംഗത്ത് നിന്നുള്ളയാള്‍”

single-img
8 August 2017

തൃശൂർ:നടിയെ ആക്രമിച്ച കേസില്‍ മാഡം കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഇക്കാര്യം സുനി വെളിപ്പെടുത്തിയത്.

മാഡം സിനിമാ രംഗത്തു നിന്നുതന്നെയുള്ളയാളാണ്. അക്കാര്യം വി.ഐ.പി തന്നെ പറയട്ടെ. ഈ മാസം 16ന് മുൻപ് കേസിൽ അറസ്റ്റിലായിരിക്കുന്ന “വിഐപി’ മാഡത്തിന്‍റെ പേര് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന്‌ സുനി പറഞ്ഞു. മാഡം ഒരു സിനിമാ നടിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കേസിന്റെ മുഖ്യ ആസൂത്രക ഒരു മാഡം ആണെന്ന് പള്‍സര്‍ സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും കാവ്യയുടെ അമ്മയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ‘മാഡം’ വെറും ഭാവനാസൃഷ്ടിയെന്നാണ് പോലീസ് പറഞ്ഞിരുന്നത്‍. അന്വേഷണം വഴിതിരിച്ചുവിടാന്‍ പള്‍സര്‍ സുനി മനപൂര്‍വം ചെയ്തതാണ് ഇതെന്നും ദിലീപ് മാത്രമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നുമാണ് പോലീസ് വ്യക്തമാക്കിയിരുന്നത്‌.