Sports

നീലകുപ്പായത്തില്‍ പഴയ കരുത്തോടെ ശ്രീ മടങ്ങി വരുമോ: ശ്രീശാന്തിന് കടമ്പകള്‍ നിരവധി


തിരുവനന്തപുരം: ട്വന്റി-20 വേള്‍ഡ്കപ്പ് സെമിയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മാത്യൂഹെയ്ഡന്റെ സ്റ്റമ്പുകള്‍ പിഴുതെറിഞ്ഞ ശ്രീശാന്തിന്റെ ഇന്‍സ്വിങ്ങര്‍ കണ്ടവരാരും ഒരിക്കലും ഇന്ത്യന്‍ ടീമിലെ ഈ പേസ് ബൗളറെ മറന്നിരിക്കാന്‍ ഇടയില്ല. ബൗളറുടെ തന്ത്രങ്ങളെ മുന്‍വിധിയോടെ നേരിടുന്ന ഹെയ്ഡനുവരെ ശ്രീശാന്തിന്റെ ഈ ബൗളിങ്ങ് മികവില്‍ പകച്ചുനില്‍ക്കേണ്ടിവന്നു, ഉജ്ജ്വലം എന്നായിരുന്നു അന്നു കമന്ററി ബോക്‌സിലുണ്ടായിരുന്നവര്‍ വരെ പറഞ്ഞത്.

പിന്നീട് ഐപിഎല്‍ വാതുവെപ്പില്‍ കുടുങ്ങി ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടിട്ടും അതിനോടൊക്കെ പടപൊരുതി സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ തിരിച്ചെത്താന്‍ ശ്രമം നടത്തിയെങ്കിലും ഉത്തരേന്ത്യന്‍ ലോബികള്‍ നടത്തിയ ചരടുവലിയില്‍ ബിസിസിഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കി അദ്ദേഹത്തിന്റെ കരിയര്‍ തന്നെ എന്നന്നേക്കുമായി ഇല്ലാതാക്കുകയായിരുന്നു.

എന്നാല്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് ഹൈക്കോടതി നീക്കിയതോടെ ശ്രീശാന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുമെന്ന വാര്‍ത്ത കേരളത്തിലെ മൂന്നരക്കോടിയോളം വരുന്ന ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയാണ്. കോടതിവിധി വന്നതിന് പിന്നാലെ ശ്രീശാന്തിനെ ടീമില്‍ തിരിച്ചെടുക്കണമെന്നാവശ്യം ശക്തമാകുകയാണ്. വിധി വന്നതിനു പിന്നാലെ ‘ബ്രിംഗ് ബാക്ക് ശ്രീശാന്ത്’ എന്ന പേരില്‍ തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജിന് ലക്ഷക്കണക്കിന് പേരാണ് പിന്തുണയുമായി എത്തുന്നത്.

ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി ഒരിക്കല്‍ കൂടി അണിയാന്‍ ശ്രീശാന്തിന് എന്തൊക്കെ കടമ്പകള്‍ ആണ് കടക്കേണ്ടത് എന്നതാണ് ഇനിയുള്ള പ്രധാന ചോദ്യം. രഞ്ജി തലം മുതല്‍ കളിച്ച് മികച്ച പ്രകടനം ആഭ്യന്തര തലത്തില്‍ കാഴ്ച്ചവെച്ചെങ്കില്‍ മാത്രമേ ശ്രീശാന്തിന് ഇനി ആ നീലകുപ്പായം ഒരിക്കല്‍ കൂടി അണിയാന്‍ സാധിക്കൂ.

ഇതിനായി കേരളക്രിക്കറ്റ് അസോസിയേഷന്റെ സഹായം ഈ ദിനങ്ങളില്‍ വളരെ അധികം അത്യാവശ്യമാണ്. കായികക്ഷമത വീണ്ടെടുത്തെങ്കില്‍ മാത്രമേ ശ്രീശാന്തിന് മികച്ച ഫോം കണ്ടെത്താനും തിരികെ ടീമിലെത്താനും സാധിക്കുകയുള്ളൂ എന്നതാണ് മറ്റൊരു പ്രധാന കാര്യം. ശ്രീശാന്തിന് ഇതിനായി എല്ലാ പിന്തുണകളും നല്‍കുമെന്ന കെസിഎ പ്രതിനിധി വിനോദ് കുമാറിന്റെ വാക്കുകള്‍ ഈ സമയങ്ങളില്‍ പ്രസക്തമാണ്.

ഇതിനായി നിരന്തര പരിശീലനം ശ്രീശാന്തിന് വേണ്ടിലരും. 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും പത്ത് ടിട്വന്റികളില്‍ നിന്ന് ഏഴുവിക്കറ്റും ശ്രീശാന്ത് ഇതിനോടകം തന്നെ നേടിയിട്ടുണ്ട്. ഇതിനു പുറമെ ഇന്ത്യ വിജയിച്ച 2011ലെ ലോകകപ്പിലും 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്റി ട്വന്റി വേള്‍ഡ് കപ്പിലും ശ്രീശാന്ത് ഇന്ത്യക്കായി മികച്ച ഫോം പുറത്തെടുത്തിരുന്നു.

ഇതൊക്കെ ക്രെഡിറ്റിലുണ്ടെങ്കിലും കരിയറില്‍ വരും നാളുകളില്‍ ദേശീയ ജേഴ്‌സിയില്‍ ശ്രീശാന്തിനെ കാണണമെങ്കില്‍ മികച്ച ഫോം താരം കണ്ടെത്തിയേ കഴിയൂ. ഇന്ത്യന്‍ ജേഴ്‌സിയില്‍ തുറിച്ചുനോട്ടത്തോടെ തീതുപ്പുന്ന പന്തുകളുമായി ബാറ്റ്‌സ്മാനെ ലക്ഷ്യം വെച്ചു ബൗളിങ്ങ് ക്രീസിലേക്ക് ഓടി അടുക്കുന്ന ശ്രീശാന്തിനായി അതുവരെ നമുക്ക് പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം.