പീഡനങ്ങളുടെ നാടായി ഡെല്‍ഹി: നാലുമണിക്കൂറില്‍ ഒരു സ്ത്രീ വീതം ബലാത്സംഗത്തിനിരയാകുന്നു

single-img
7 August 2017

ഹരികൃഷ്ണന്‍

ദില്ലി: നാലുമണിക്കൂറില്‍ ഒരു സ്ത്രീ വീതം ബലാത്സംഗം ചെയ്യപ്പെടുന്ന നഗരം. ദില്ലിയെന്ന തലസ്ഥാന നഗരത്തിന്റെ മുഖത്ത് കുത്തിവരയ്ക്കപ്പെടുന്ന ബലാത്സംഗ ചിത്രങ്ങളാണിത്. ഓരോ ദിവസവും ഇവിടെ അതിക്രമത്തിനിരയാകുന്ന സത്രീകളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. സദാചാര ധാര്‍മ്മികതകള്‍ മറന്ന് നഗരം ഇപ്പോള്‍ ഉറങ്ങുന്നത് ഒരു പറ്റം കാമാതുരന്‍മാരുടെ കൈയിലാണെന്നു തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടെ മാത്രം ദില്ലിയില്‍ ബലാത്സംഗക്കേസുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ധനവ് 200 ശതമാനത്തിലേറെയാണ്. ദില്ലി പോലീസ് തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതെല്ലാം നമ്മോട് ചോദിക്കുന്ന ഒരേ ഒരു ചോദ്യം സ്ത്രീകള്‍ ഇവിടെ സുരക്ഷിതരോ എന്നതു മാത്രമാണ്. കഴിഞ്ഞ ജൂണ്‍ 19ആം തീയതി 48 മണിക്കൂറിനിടെ ദില്ലി നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗങ്ങളുടെ എണ്ണം 7. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനു ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസുകളായിരുന്നു ഇതില്‍ അഞ്ചെണ്ണം.

ദില്ലിയില്‍ ഇപ്പോള്‍ ബലാത്സംഗം പുതുമയല്ലാതായി തീര്‍ന്നിരിക്കുന്നുവെന്നതിന്റെ തെളിവാണ് കൂടിവരുന്ന ഈ കണക്കുകള്‍. 2011 ല്‍ 572 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍ ഇന്നിത് ഇരട്ടിയിലധികം വര്‍ധിച്ച് 2155 ആയി മാറിയിരിക്കുന്നു. ഇതില്‍ 87 എണ്ണത്തില്‍ ഇരയായത് 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍. ഇവയില്‍ പകുതിയില്‍ താഴെ കേസുകളില്‍ മാത്രമേ പ്രതികളെ പിടികൂടാനായുള്ളൂ എന്നത് നാണക്കേട് ഇരട്ടിയാക്കുന്നു.

നിര്‍ഭയ കൂട്ടബലാത്സംഗത്തിനു ശേഷം നിരവധി പ്രതിഷേധങ്ങളുയര്‍ന്നുവന്ന സാഹചര്യത്തില്‍ കോടിക്കണക്കിന് രൂപയുടെ സ്ത്രീ സുരക്ഷാ പദ്ധതികളൊരുക്കിയിരുന്നെങ്കിലും ബലാത്സംഗം വര്‍ധിക്കുന്നതിന് തടയിടാന്‍ അതിനൊന്നിനുമായില്ലെന്നു വേണം കരുതാന്‍.

സുരക്ഷക്കായി ഏര്‍പ്പെടുത്തിയ 161 ഹെല്‍പ്പ് ഡെസ്‌കുകളും വനിതാപൊലീസിന്റെ രാത്രികാല പെട്രോളിങ്ങും ഒന്നും സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജീവിക്കാന്‍ സാഹചര്യമൊരുക്കിയില്ല എന്ന് തെളിയിക്കുന്നതാണ് വര്‍ധിച്ചുവരുന്ന ബലാത്സംഗ കണക്കുകള്‍.