ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി: ബിജെപി അക്രമങ്ങള്‍ നടത്തുന്നത് കോഴ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍

single-img
7 August 2017

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് അവരുടെ നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍കോഴ വിവാദത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം, ആവശ്യമെങ്കില്‍ മെഡിക്കല്‍ കോഴ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. അഴിമതി അതീവ ഗൗരവതരമാണ്. പാര്‍ട്ടി നിര്‍ദേശിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടും വിജിലന്‍സിന്റെ പരിധിയില്‍ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുന്നതല്ല. അന്വേഷണം ഗൗരവമായി നടന്നുവരുന്നു. മറ്റ് ഏജന്‍സികള്‍ അന്വേഷിക്കണോയെന്നു പിന്നീടു തീരുമാനിക്കും. അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി ബിജെപിക്കെതിരെ നിരവധി ശക്തമായ വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്.