കാശ്മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ വധിച്ചു

single-img
7 August 2017

ശ്രീനഗര്‍: കാശ്മീരില്‍ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഇ തൊയ്ബ അബു ഇസ്മയില്‍ വിഭാഗത്തില്‍പ്പെട്ട ഉമര്‍ എന്ന ഭീകരനാണ് പുലര്‍ച്ചെ പാംപോറിലെ സംബോറിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഞയറാഴ്ച രാത്രിയോടെയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. സൈന്യവും സിആര്‍പിഎഫും കശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

സംബോറയില്‍ മൂന്ന് ലഷ്‌കര്‍ ഭീകരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. ഒരാളെ വധിച്ചുവെന്നും മറ്റ് രണ്ടുപേര്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടുവെന്നും സൈന്യം അറിയിച്ചു. ശനിയാഴ്ച ബാരാമുള്ളയിലെ സോപൂരിലും ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരില്‍ നിന്നും എകെ47 അടക്കമുള്ള ആയുധങ്ങളും കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ ലഷ്‌കര്‍ ഭീകരരുടെ മുഖ്യനേതാക്കളിലൊരാളായ അബു ദുജാന കൊല്ലപ്പെട്ടിരുന്നു.