ചികിത്സ നിഷേധിച്ച തമിഴ്‌നാട് സ്വദേശി ഏഴര മണിക്കൂറിനൊടുവില്‍ ആംബുലന്‍സില്‍ മരിച്ചു: കൊല്ലം മെഡിസിറ്റിക്കെതിരെ കേസ്

single-img
7 August 2017


തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് അടിയന്തര ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കൊട്ടിയം പോലീസ് കേസെടുത്തു. നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ മരിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തത്. ചാത്തന്നൂരിന് സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്നാലെയെത്തിയ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.

നാട്ടുകാരും ട്രാഫിക് വോളന്റിയര്‍മാരും ചേര്‍ന്നു മുരുകനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞു മടക്കി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതേകാരണം പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. ഒടുവില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ ആറിനു മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ ഐജി മനോജ് എബ്രഹാം ഇടപെട്ടതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിതാ ബീഗമാണ് ആശുപത്രിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെയും ദൃക്‌സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.

അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൂടാതെ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും നഴ്‌സുമാരുടെയും മൊഴിയും ഉടന്‍ തന്നെ രേഖപ്പെടുത്തും. സംഭവത്തില്‍ ആശുപത്രി അധിതൃതര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.