ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നുനിരങ്ങാന്‍ എല്‍ഡിഎഫ് അവസരമുണ്ടാക്കിയെന്ന് കെ മുരളീധരന്‍

single-img
7 August 2017

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്താല്‍ ആദ്യം എതിര്‍ക്കുക യുഡിഎഫ് ആയിരിക്കുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴ ആരോപണത്തില്‍പെട്ട ബി.ജെ.പിയെ രാഷ്ട്രീയ കൊലപാതകത്തിലൂടെ സി.പി.എം രക്ഷിച്ചെടുക്കുകയാണെന്ന് കെ. മുരളീധരന്‍ ആരോപിച്ചു.

മെഡിക്കല്‍ കോഴ ആരോപണം ഉയര്‍ന്നതോടെ പ്രതിരോധത്തിലായ ബിജെപി അതിനെ മറികടക്കുന്നതിനാണ് പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 18 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. ഇതില്‍ 17ലും സിപിഎമ്മും ബിജെപിയുമാണുളളതെന്നും മുരളീധരന്‍ ആരോപിച്ചു.

നേരത്തെ, ബി.ജെ.പിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാപക അതിക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അത് തടയുന്നതിന് വേണ്ട ശ്രമങ്ങള്‍ നടത്തിയിരുന്നെന്നു നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സി.പി.എമ്മിനുവേണ്ടി വിടുപണി ചെയ്യുന്ന പൊലീസുകാരാണ് ക്രമസമാധാന നില തകര്‍ത്തതെന്നായിരുന്നു ഒ.രാജഗോപാലിന്റെ ആരോപണം.

അതിനു ശേഷം രാജഗോപാലും കേരള കോണ്‍ഗ്രസ് എമ്മും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ത്തന്നെ മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട വിഷയമാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയത്. മെഡിക്കല്‍ കോഴ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണം പൂര്‍ത്തിയായതിനു ശേഷം വേണമെങ്കില്‍ കേന്ദ്ര അന്വേഷണത്തിലേക്ക് പോകാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. .

സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളെ ബ്ലൂ വെയില്‍ ഗെയിമിനോട് ഉപമിച്ചാണ് ചെന്നിത്തല പ്രസംഗിച്ച് തുടങ്ങിയത്. മുഖ്യമന്ത്രി പാര്‍ട്ടിക്കാരനായി മാത്രം അധഃപതിച്ചു. കോഴയാരോപണത്തില്‍ പെട്ടുകിടന്ന ബിജെപിയെ രാഷ്ട്രീയ കൊലപാതകത്തിലൂടെ രക്ഷിച്ചെടുക്കുകയാണ് സിപിഎം ചെയ്തത്. പരസ്പര സഹായ സംഘമായി സിപിഐഎമ്മും ബിജെപിയും മാറിയെന്നും ബിജെപിയുടെ ഓഫീസില്‍ ഈ പാര്‍ട്ടിയുടെ ഐശ്യര്യം പിണറായി എന്നു പറഞ്ഞ് പിണറായിയുടെ ഫോട്ടോ തൂക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ പൊലീസ് മാത്രം വിചാരിച്ചാല്‍ എല്ലാം കാര്യങ്ങളും തടയാനാവില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതിന് പിന്നാലെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയും ചെയ്തു. ബിജെപിയുടെ ഏക എംഎല്‍എ ഒ. രാജഗോപാലും കേരള കോണ്‍ഗ്രസ് (എം) എംഎല്‍എമാരും സഭയില്‍ നിന്നും വാക്കൗട്ട് നടത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.