ദിലീപിന്റെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ട്‌; സുഖവാസത്തിലെന്ന് സഹതടവുകാരന്‍: ഈ വാര്‍ത്തയിലെ സത്യമെന്ത് ?

single-img
7 August 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസമാണെന്നാണ് സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപിന്റെ വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വരുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ദിലീപ് അമിത ടെന്‍ഷന്‍ മൂലം ശരീരത്തിന്റെ ബാലന്‍സ് തെറ്റി എണീക്കാന്‍ പോലും ആവാതെ കിടന്നിരുന്നതായാണ് കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പകല്‍മുഴുവന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയില്‍ കഴിയുന്ന ദിലീപിന് പ്രത്യേക ഭക്ഷണമാണ് നല്‍കുന്നതെന്നും രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലിലേക്ക് വരുന്നത് എന്നുമായിരുന്നു സനൂപിന്റെ വെളിപ്പെടുത്തല്‍. അങ്ങനെയങ്കില്‍ ദിലീപ് ജാമ്യത്തിനു വേണ്ടി ജയിലില്‍ രോഗിയായി അഭിനയിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ദിലീപിന്റെ രോഗവിവരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

തലചുറ്റലും ഇടക്കിടെയുള്ള ചര്‍ദ്ദിയുമായിരുന്നു ദിലീപിന് തുടക്കത്തില്‍. വാര്‍ഡന്മാര്‍ പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നല്‍കിയെങ്കിലും അസുഖം മാറിയില്ല. ഭക്ഷണം പോലും കഴിക്കാതെ, പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും എണീക്കാനാവാതെ സെല്ലില്‍ കഴിയുകയായിരുന്നു.

മിന്നല്‍ പരിശോധനയ്ക്ക് ആലുവ ജയിലില്‍ എത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖ ദിലീപിന്റെ അവസ്ഥ കണ്ട് ഡോക്ടറെ വിളിക്കാന്‍ സുപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതു പ്രകാരം ജയില്‍ മേധാവി സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പോയതിന് ശേഷം ആലുവ ജില്ലാ ആശുപത്രിയിലെ ആര്‍എംഒ യും രണ്ടു നേഴ്‌സുമാരും ജയിലിലെത്തി ദിലീപിനെ പരിശോധിക്കുകയും ദിലീപിന് മിനിയേഴ്‌സ് സിന്‍ട്രം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അമിത ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള വെയ്‌നുകളില്‍ പ്രഷര്‍ ഉണ്ടാകുകയും ഫല്‍യിഡ് ഉയര്‍ന്ന് ശരീരത്തിന്റെ ബാലന്‍സ് തെറ്റുകയും ചെയ്യുന്ന അവസ്ഥയാണ് മിനിയേഴ്‌സ് സിന്‍ട്രം. ഇത്തരം രോഗികളില്‍ സിവിയര്‍ അറ്റാക്കിന് വരെ സാധ്യതയുണ്ടെന്നും ഡോക്ടര്‍ വാര്‍ഡന്മാരെ ധരിപ്പിച്ചു.

തറയിലെ ഉറക്കം മൂലം തണുപ്പടിച്ചതും ദിലീപിന്റെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതായി ഡോക്ടര്‍ ജയില്‍ അധികൃതരോടു പറഞ്ഞു. അതേസമയം തനിക്ക് നേരത്തെയും ഇതു പോലെ തല കറക്കം ഉണ്ടായിട്ടുണ്ടെന്ന് ദിലീപ് ഡോക്ടറോടു പറഞ്ഞു. എന്നാല്‍ ഈ അവസ്ഥയിലും ആശുപത്രിയിലേക്ക് മാറ്റുന്നത് സുരക്ഷ കാര്യങ്ങള്‍ പരിഗണിച്ച് പ്രായോഗികമല്ലെന്ന് സുപ്രണ്ട് വ്യക്തമാക്കി.

ജയില്‍ ഡി ഐ ജി സാം തങ്കയ്യന്‍ ഡോക്ടറോടു ഫോണില്‍ സംസാരിക്കുകയും ഡിഐജി യുടെ ആവശ്യ പ്രകാരം മൂന്ന് ദിവസം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജയിലിലെത്തി ദിലീപിനെ ചികിത്സിക്കുകയുമായിരുന്നു. വഞ്ചനാ കേസില്‍ റിമാന്റില്‍ ഉള്ള തമിഴനാട് സ്വദേശിയായ സഹ തടവുകാരനെ ദിലീപിന്റെ ശുശ്രൂഷിക്കായി ജയില്‍ അധികൃതര്‍ നിയോഗിക്കുകയും ചെയ്തു. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ട്.

എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്‌ ആലുവ സ്വദേശി സനൂപിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

പകല്‍മുഴുവന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയില്‍ കഴിയുന്ന ദിലീപിന് പ്രത്യേക ഭക്ഷണമാണ് നല്‍കുന്നത്. രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലിലേക്ക് വരുന്നത്. സഹതടവുകാര്‍ക്കിതറിയാം. പക്ഷേ മര്‍ദനം ഭയന്ന് പുറത്തുപറയില്ല. ജയിലിലെ സിസിടിവി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. തനിക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്ത് പറയാഞ്ഞതെന്നും സനൂപ് പറഞ്ഞു.

ആലുവ സ്വദേശിയായ സനൂപ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സബ് ജയിലിലെത്തിയത്. പത്തുവര്‍ഷം മുമ്പ് നടന്ന മോഷണക്കേസിലെ വാറന്‍ഡിലാണ് റിമാന്‍ഡിലായത്. രണ്ട് ദിവസം സബ് ജയിലില്‍ ദിലീപിന് തൊട്ടടുത്തുളള സെല്ലിലാണ് സനൂപ് കഴിഞ്ഞിരുന്നത്.