ഓണത്തിനു കാര്‍ വാങ്ങാമെന്ന് കരുതിയവര്‍ക്ക് തിരിച്ചടി: വില കുത്തനെ കൂടും; ജിഎസ്ടി ചതിച്ചു

single-img
7 August 2017

 

വാഹന വിപണിക്ക് തിരിച്ചടിയായി ജിഎസ്ടി. ചരക്കു, സേവന നികുതി വന്നതോടെ ഉടനടി വില കുറച്ച കാറുകള്‍ക്കു കുത്തനെ വില കൂടുമെന്നാണു റിപ്പോര്‍ട്ട്. കാറുകളുടെ നികുതി 15 ശതമാനത്തില്‍നിന്നും 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതോടെയാണിത്.

എസ്‌യുവികളും ഇടത്തരവും ആഢംബരവും ഹൈബ്രിഡും ഉള്‍പ്പെടെ എല്ലാത്തരം കാറുകള്‍ക്കും വില കൂടിയേക്കും. ഓഗസ്റ്റ് അഞ്ചിനു നടന്ന 20ആാം ജിഎസ്ടി യോഗത്തിലാണു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഉല്‍പാദനത്തിനും വില്‍പനയ്ക്കും മേലുള്ള കേന്ദ്ര-സംസ്ഥാന നികുതികള്‍ക്കു പകരമായി ജിഎസ്ടി വന്നതുവഴിയുണ്ടായ നികുതി കുറവാണു ഉപഭോക്താക്കള്‍ക്കു വിലക്കുറവായി കാര്‍ നിര്‍മാണ കമ്പനികള്‍ ജൂലായ് മാസത്തില്‍ നല്‍കിയത്.

ജിഎസ്ടിയില്‍ 28 ശതമാനമാണു കാറുകളുടെ പരമാവധി നികുതി. നേരത്തേ 28 മുതല്‍ 45 ശതമാനം വരെയായിരുന്ന നികുതിയാണു നിലംതൊട്ടത്. ഇതോടെ വാഹനവിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടായി.

1200 സിസി പെട്രോള്‍ കാറുകള്‍ക്കു ഒരു ശതമാനവും 1500 സിസി ഡീസല്‍ കാറുകള്‍ക്കു മൂന്നു ശതമാനവുമാണു ജിസ്ടി. 1500 സിസിയില്‍ കൂടുതലുള്ള എസ്‌യുവികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 15നും 28നും ഇടയിലായിരുന്നു ജിഎസ്ടി.

ജിഎസ്ടി വന്നതോടെ 300 മുതല്‍ 30,000 രൂപ വരെ സാധാരണ കാറുകളുടെ വിലകുറഞ്ഞു. എസ്‌യുവി വിഭാഗത്തിലാണ് ജിഎസ്ടി മൂലം ഏറ്റവുമധികം വിലക്കുറവ് ഉണ്ടായത്. ആഢംബര കാര്‍ വിപണിയില്‍ ലക്ഷങ്ങളുടെ വിലക്കുറവുമുണ്ടായി. 10 ലക്ഷം രൂപയ്ക്കുമേല്‍ ഷോറൂം വിലയുള്ള കാറുകള്‍ക്ക് ഒരു ശതമാനം തുക ആഡംബര നികുതി അടയ്‌ക്കേണ്ടതുണ്ട്. ജിഎസ്ടി വന്നു വില താഴ്ന്നതോടെ പല മോഡലുകളും ആ ബാധ്യതയില്‍ നിന്നൊഴിവായി. ഇതാണു വിലക്കുറവിന് സഹായിച്ചത്.