കുന്നമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

single-img
7 August 2017

കുന്നമംഗലം: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുരിക്കത്തൂര്‍ ഉള്ളാട്ടുചാലില്‍ മുരളി(48)യെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ്‌ചെയ്തത്. ഒന്നിലധികം തവണ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചും ബന്ധുവീട്ടില്‍ വെച്ചും പീഡിപ്പിച്ചതായി പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ചൈല്‍ഡ്‌ലൈന് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി. ഇയാളെ കൂടാതെ നിരവധിപേര്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കേസില്‍ കുട്ടിയുടെ പിതാവ്, വയനാട് സ്വദേശിയായ യുവാവ്, കുന്നമംഗലത്ത് കട നടത്തുന്ന മുഹസിന്‍ തുടങ്ങിയവര്‍ റിമാന്‍ഡിലാണ്. ബിജെപി പ്രവര്‍ത്തകന്‍ കുടുങ്ങുമെന്നായപ്പോള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പിതാവാണ് പീഡിപ്പിച്ചെന്ന് മൊഴി നല്‍കാന്‍ പറഞ്ഞതായി കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കി.

കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്നായതോടെ സിപിഎം കുന്നമംഗലം ലോക്കല്‍ സെക്രട്ടറി വി അനില്‍കുമാറും പഞ്ചായത്തംഗം എംഎം സുധീഷ്‌കുമാറും ഇടപെട്ടതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണം ഏറ്റെടുത്തു. കാക്കൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടിയും പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.