ശബരിമല വിമാനത്താവളത്തിനായുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി

single-img
7 August 2017

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണെന്നു സെറ്റില്‍മെന്റ് റജിസ്റ്ററിലുണ്ട്, എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും നിയമസഭയിലെ ചോദ്യോത്തരവേളയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.

ചെറുവള്ളി എസ്റ്റേറ്റില്‍ 2,263 ഏക്കര്‍ ഭൂമിയാണുള്ളത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിന്റെ കൈവശമുണ്ടായിരുന്ന ഈ എസ്റ്റേറ്റ് ഡോ.കെ.പി. യോഹന്നാന്‍ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ചിനു കൈമാറിയതു നിയമവിരുദ്ധമാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

ഇതു സര്‍ക്കാര്‍ ഭൂമിയാണെന്ന നിലപാടിനെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാന്‍ 2015 മേയ് 28നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ടു ബിലീവേഴ്‌സ് ചര്‍ച്ചിന് സര്‍ക്കാര്‍ നോട്ടീസും നല്‍കി. എന്നാല്‍ ഇതിനെതിരെ ഡോ.കെ.പി. യോഹന്നാന്‍ മെത്രാപ്പൊലീത്ത അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

ഇതിനിടയിലാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തു വിമാനത്താവളം നിര്‍മിക്കാമെന്ന് റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അധ്യക്ഷനായ നാലംഗ ഉദ്യോഗസ്ഥ സമിതി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. ഇതു മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. അതുകൊണ്ട് ഹൈക്കോടതിയിലെ നിയമനടപടി പൂര്‍ത്തിയായാലേ ഭൂമി ഏറ്റെടുത്തു നിര്‍മാണം ആരംഭിക്കാനാകൂ.

ശബരിമല തീര്‍ഥാടകര്‍ക്കായി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കാന്‍ ഫെബ്രുവരിയിലാണു മന്ത്രിസഭ അനുമതി നല്‍കിയത്. പഠനത്തിനു കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തിയിരുന്നു. ആറന്മുളയില്‍ നേരത്തേ വിമാനത്താവള നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും എതിര്‍പ്പുമൂലം ഉപേക്ഷിച്ചു. ഇതോടെയാണു മറ്റു സ്ഥലങ്ങള്‍ പരിഗണിച്ചത്. ളാഹ, കുമ്പഴ എസ്റ്റേറ്റുകളും പരിഗണിച്ചെങ്കിലും കൂടുതല്‍ സൗകര്യപ്രദമെന്ന നിലയിലാണു ചെറുവള്ളി എസ്റ്റേറ്റ് തിരഞ്ഞെടുത്തത്.

രണ്ടു ദേശീയ പാതകളുടെയും അഞ്ചു മരാമത്ത് റോഡുകളുടെയും സാമീപ്യം ചെറുവള്ളി എസ്റ്റേറ്റിനുണ്ട്. ഇവിടെനിന്നു ശബരിമലയ്ക്കു 48 കിലോമീറ്റര്‍. കൊച്ചിയിലേക്കു 113 കിലോമീറ്റര്‍. ഭൂമി കണ്ടെത്തിയാല്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.