ഉത്തരകൊറിയക്കു മേല്‍ ഉപരോധം കടുപ്പിച്ച് അമേരിക്ക; പിന്തുണയുമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍

single-img
6 August 2017


ഉത്തരകൊറിയക്കു മേല്‍ ഉപരോധം ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണച്ച് ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സില്‍. ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക കൊണ്ടുവന്ന പ്രമേയം സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിക്കുകയുണ്ടായി. ഉത്തര കൊറിയയുടെ കയറ്റുമതിയെ നിരോധിക്കുകയും രാജ്യത്തെ നിക്ഷേപം പരിമിതപ്പെടുത്തുകയും ചെയ്യുന്ന പ്രമേയം ഏകകണ്ഠമായാണ് അംഗീകരിച്ചത്.

കല്‍ക്കരി, ഇരുമ്പ്, ധാതുക്കള്‍, ലെഡ് ഇരുമ്പ് ധാതുക്കള്‍, മത്സ്യം മറ്റ് സമുദ്രോല്‍പനങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി പൂര്‍ണമായും നിരോധിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇത് ഉത്തരകൊറിയയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കും. കയറ്റുമതിയിലൂടെ പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ അഥവാ മുന്നൂറു കോടിയോളം രൂപയാണ് ഉത്തര കൊറിയക്ക് ലഭിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള അമേരിക്കയുടെ അംബാസഡര്‍ നിക്കി ഹാലിയാണ് പ്രമേയം അവതരിപ്പിച്ചത്. ‘ഇത്രയുംകാലത്തിനിടയ്ക്ക് ഏതെങ്കിലും ഒരു രാജ്യത്തിനു മേലുള്ള ഏറ്റവും കടുത്ത ഉപരോധം’ എന്നാണ് ഹാലി ഈ നടപടിയെ വിശേഷിപ്പിച്ചത്. അതേസമയം ദക്ഷിണകൊറിയയുമായുള്ള സൈനിക അഭ്യാസം തുടരുമെന്നും നിക്കി ഹാലി സഭയില്‍ പറഞ്ഞു. മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതാണ് അമേരിക്ക ദക്ഷിണകൊറിയ സൈനിക അഭ്യാസമെന്ന് മുമ്പ് ഉത്തരകൊറിയ ആരോപിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്തുന്ന ആദ്യ ഉപരോധമാണിത്. ഉത്തര കൊറിയ ജൂലൈയില്‍ നടത്തിയ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഉപരോധത്തിന് പ്രധാനകാരണമായത്. അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് തങ്ങള്‍ പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസ്സൈല്‍ എന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.