സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം; 43 പേര്‍ കൊല്ലപ്പെട്ടു

single-img
6 August 2017

ഡമാസ്‌കസ്: സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ വടക്കന്‍ നഗരമായ റാഖയിലാണ് സംഭവം. ഇവിടുത്തെ ജനവാസ കേന്ദ്രത്തിനും ആശുപത്രിക്കും നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

റാഖയിലെ നാഷണല്‍ ആശുപത്രിക്കു നേരെ ഇരുപത് ബോംബുകളാണ് വര്‍ഷിച്ചത്. ഇതില്‍ സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ആശുപത്രിയിലെ വൈദ്യുത സംവിധാനങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആശുപത്രിയില്‍ ഐഎസിന്റെ ഭീകരവാദികളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണം ഉന്നം വയ്ക്കുന്നത് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണെന്നും സിറിയന്‍ അറബ് റെഡ് ക്രസന്റ് വക്താവ് ദി ആസാദ് പറഞ്ഞു. 65 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്.

സിറിയയെ ഭീകരരില്‍ നിന്ന് പൂര്‍ണമായി മോചിപ്പിക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കന്‍ സഖ്യസേനയുടെ വിശദീകരണം. ജൂണിലും ഇവിടെ സമാനമായ രീതിയിലുള്ള ആക്രമണം നടന്നിരുന്നു.