‘താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ എനിയ്ക്കറിയാം’: ദിലീപിന് അഭിനയിക്കാനറിയില്ലെന്നും മന്ത്രി ജി.സുധാകരന്‍

single-img
6 August 2017

പത്തനംതിട്ട: നടന്‍ ദിലീപിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. ദിലീപിന്റെ ചിത്രങ്ങള്‍ക്ക് നിലവാരമില്ലെന്നും ദിലീപ് ഒരുനല്ല നടന്‍പോലും അല്ലെന്നും ജി സുധാകരന്‍ പറഞ്ഞു. അടൂരില്‍ നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പ്രസ്താവന.

കലാമൂല്യം ഉള്ള ഒരു സിനിമയില്‍പോലും ദിലീപ് അഭിനയിച്ചിട്ടില്ല. ദിലീപ് അവതരിപ്പിച്ച ഒരുകഥാപാത്രവും ഇന്ന് പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതുമല്ല. അതുകൊണ്ടാണ് കോടതിയിലേക്ക് കൊണ്ടു വരുമ്പോള്‍ ആളുകള്‍ കൂവി വിളിക്കുന്നതെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.

”താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ എനിയ്ക്കറിയാം. ഞാന്‍ ഒരു കാലത്തും അയാളുടെ സിനിമയെ ബഹുമാനിച്ചിട്ടില്ല. അയാളുടെ രീതി ശരിയല്ല. ഒരു നല്ല നടന്‍ പോലുമല്ലെന്നാണ് എന്റെ അഭിപ്രായം. ആണും പെണ്ണും കെട്ട വേഷമാണ് കൂടുതലും. ഇതെല്ലാംകണ്ട് കൈയടിച്ച ജനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കല്ലെറിയുന്നതും..” എന്ന തരത്തില്‍ ഭിന്നലിംഗക്കാരെ അപമാനിക്കുന്ന രീതിയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

പുതുമുഖ നടീനടന്മാരെയും മന്ത്രി കണക്കിന് പരഹസിച്ചു. പലരും ആദ്യചിത്രം കഴിയുമ്പോഴെക്കും സ്വയം മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.