മന്ത്രിക്ക് നന്നായി ‘അഭിനയിക്കാനറിയാം’

single-img
6 August 2017


ഒട്ടനവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ തങ്ങളുടെ ചിത്രം അഭ്രപാളികളില്‍ ബന്ധിപ്പിച്ച് അഭിനയപാടവം തെളിയിച്ചിട്ടുള്ളവരാണ്. പക്ഷെ ഇവരെയൊക്കെ കടത്തിവെട്ടി ഈ നിരയില്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍.

എടുത്ത ആദ്യ ഷോട്ട് തന്നെ ഓക്കെയാക്കി കൈയടി വാങ്ങിച്ചിരിക്കുകയാണ് ഇദ്ദേഹം. അഭിനയ പരിചയമില്ലാത്ത മന്ത്രി തനി കൂട്ടനാട്ടുകാരനായി ഷോട്ടില്‍ ജീവിച്ചുവെന്നാണ് സംവിധായകന്‍ ഗഫൂര്‍ വൈ ഇല്യാസ് പറയുന്നത്. രാവിലെ 6.45 നായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. ഉദ്ഘാടന വേദികളിലെത്തുന്നതിനും മുമ്പ് തന്നെ മന്ത്രി ഷൂട്ടിങ് സെറ്റിലെത്തി.

റബ്ബര്‍ ചെരുപ്പും, കൈലിമുണ്ടും, ബനിയനുമായിരുന്നു വേഷം തീരുമാനിച്ചിരുന്നത്. കുട്ടനാട്ടിലൂടെ പ്രഭാത കിരണങ്ങളെ കീറിമുറിച്ച് തോണി നീങ്ങുന്നതും ചായക്കടയിലിരുന്നു ചായ കുടിക്കുന്നതും ചിത്രീകരിച്ചു. കുട്ടനാടിനെക്കുറിച്ച് സുധാകരന്‍ എഴുതിയ 2.30 മിനിറ്റ് ദൈര്‍ഘ്യമുള്ള കവിതയുടെ ദൃശ്യാവിഷ്‌കരമാണ് ഒരുക്കിയത്. ഷൂട്ടിങ് കൃത്യം 9 മണിക്ക് തന്നെ പൂര്‍ത്തിയാക്കി മന്ത്രി തിരിച്ചുപോവുകയും ചെയ്തു. നെഹ്‌റു ട്രോഫി വള്ളം കളിയോട് അനുബന്ധിച്ച് ആല്‍ബം പുറത്തിറക്കും.