മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചു

single-img
6 August 2017

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.

രണ്ടു പേരുടെ ജാമ്യത്തിലും, 50000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ നാല് ദിവസങ്ങള്‍ക്ക് മുന്‍പ് സൈബര്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുന്‍പാകെയാണ് സെന്‍കുമാര്‍ ഹാജരായത്.

പൊലീസ് മേധാവി സ്ഥാനത്തുനിന്നും വിരമിച്ച ശേഷം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് കേസിന് ആധാരമായിരിക്കുന്നത്. മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയിരുന്നു. ഇതിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്.

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 ഉം മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം.

ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും. ഇതായിരുന്നു സെന്‍കുമാറിന്റെ വിവാദമായ പ്രസ്താവന. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സെന്‍കുമാര്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്.

പരാമര്‍ശം മതസ്പര്‍ധ വളര്‍ത്തുന്നതല്ലെന്നും സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടിയതാണെന്നും സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനു മൊഴി നല്‍കിയിരുന്നു. വര്‍ഗീയ പരാമര്‍ശം നടത്തിയെന്നു പറയുന്നതു വസ്തുതയല്ലെന്നും സര്‍ക്കാരിന്റെ ചില രേഖകള്‍ ഉദ്ധരിച്ചു ലേഖകന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയാണു ചെയ്തതെന്നുമാണു സെന്‍കുമാറിന്റെ നിലപാട്.