കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയാകുന്നവരില്‍ അധികവും ഏത് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ?

single-img
6 August 2017

 


ഹരി കൃഷ്ണന്‍

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം എര്‍പ്പെടുത്തണമെന്ന ആര്‍എസ്എസിന്റെ ആവശ്യം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. എന്നുമുതലാണ് രാഷ്ട്രീയം കത്തിയുടേയും കഠാരയുടേയും ബോംബിന്റേയും ഭാഷ സ്വീകരിക്കാന്‍ തുടങ്ങിയത്. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം തന്നെ ഇവിടെ പരിശോധിക്കേണ്ടാതായി വരും.

ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് അതായത് 1969 ഏപ്രിലില്‍ ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് രാഷ്ട്രീയ വൈരാഗ്യം മൂലം ആദ്യമായി കേരളത്തില്‍ കൊല്ലപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ രാഷ്ട്രീയ കൊലപാതകം. കണ്ണൂരിലെ മാത്രം രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ സിവി ധന്‍രാജ്, കെവി സുധീഷ്, പുന്നാട് മുഹമ്മദ്, മുഹമ്മദ് ഫസന്‍, നിഖില്‍ ഇങ്ങനെ നീളുന്നു ഇരയായവരുടെ പേരുകള്‍.

ഇതുവരെയുള്ള ചരിത്രം മാത്രം പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കുന്നത് രാഷ്ട്രീയ നേതാക്കളെക്കാള്‍ സാധാരണക്കാരായ പ്രവര്‍ത്തകരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിരകളാവുന്നതെന്ന വസ്തുതയാണ്. 2006-2017 കാലഘട്ടത്തില്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 107 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

ഈ കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരില്‍ 50 പേര്‍ സിപിഎം പ്രവര്‍ത്തകരും 42 പേര്‍ ബിജെപി പ്രവര്‍ത്തകരും അഞ്ച് വീതം കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരുമാണ്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത രാഷ്ട്രീയ കൊലപാതകങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളം. യുപിയില്‍ 28, ജാര്‍ഖണ്ഡ് 15, കേരളത്തില്‍ 12 എന്നിങ്ങനെയാണു കൊലപാതകങ്ങളുടെ എണ്ണം. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016ല്‍ കൊല്ലപ്പെട്ടത് 15 പേരാണ്.

സിപിഎം ആറ്, ബിജെപി അഞ്ച്, കോണ്‍ഗ്രസ് രണ്ട്, ലീഗ് രണ്ട് ഇങ്ങനെയാണ് കണക്കുകള്‍. ഇതില്‍ ഒരാള്‍ യുഡിഎഫ് ഭരണക്കാലത്ത് കൊല്ലപ്പെട്ടു. ഈ വര്‍ഷം നാലു പേര്‍ കൊല്ലപ്പെട്ടു. നാലും ബിജെപി പ്രവര്‍ത്തകരാണ്. ഈ കണക്കുകള്‍ തന്നെയാവാം കേരളത്തില്‍ ജനകീയ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും രാഷ്ട്രീയ ഭരണം ഏര്‍പ്പെടുത്തണമെന്നും ആര്‍എസ്എസിനെ ചിന്തിപ്പിച്ചതിന് പിന്നില്‍ എന്നു വേണം കരുതാന്‍.

പ്രാദേശിക വിഷയങ്ങളോ വ്യക്തിപരമായ പ്രശ്‌നങ്ങളോ രാഷ്ട്രീയ പ്രശ്‌നങ്ങളായി പരിണമിക്കുകയും പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയുമാണ് പതിവ്. ഒന്നുകില്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമി സംഘം വെട്ടി കൊലപ്പെടുത്തുന്നു. അല്ലെങ്കില്‍ വാഹനത്തില്‍ പിന്തുടര്‍ന്ന ശേഷം ബോംബെറിഞ്ഞ് ഭീതി പരത്തി വെട്ടിക്കൊലപ്പെടുത്തുന്നു.

ഇത്തരത്തില്‍ തന്നെയാണ് രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ മരിച്ചവരില്‍ ഏറിയവരും. ഇരു പാര്‍ട്ടികളുടെയും ഔദ്യോഗിക കണക്കില്‍ ഇതുവരെ രാഷ്ട്രീയ എതിരാളികളുടെ അക്രമണത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ സിപിഎമ്മിന് നാനൂറും ആര്‍എസ്എസിന് മുന്നോറോളം പ്രവര്‍ത്തകരുമാണുള്ളത്. ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ എണ്ണം 13 ആണെന്ന് ആര്‍എസ്എസ് ദേശീയനേതൃത്വം വ്യക്തമാക്കുന്നു.