തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനു നേരെ ആര്‍എസ്എസുകാരുടെ മര്‍ദ്ദനം

single-img
6 August 2017

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ടി വിജയനാണ് ആര്‍എസ്എസുകാരുടെ മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ശാസ്തമംഗലത്തുള്ള ഓഫീസില്‍ നിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അരുണിനെ വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനില്‍ വച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദ്ദനമെന്ന് അരുണ്‍ ഇ വാർത്തയോട് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാനത്തു ഈയിടെ നടത്തിയ ഹര്‍ത്താലിനെതിരെ അരുണ്‍ പ്രതികരിച്ചിരുന്നു.

ഹര്‍ത്താല്‍ ദിവസം ഓഫീസിലേക്ക് പോകുമ്പോള്‍ അരുണ്‍ സഞ്ചരിച്ച ഓട്ടോ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി. ഹർത്താലിനെ അനുകൂലിക്കുന്നില്ല എന്ന് അരുൺ പറഞ്ഞതിന്റെ പേരിൽ “നിന്നെ ഞങ്ങൾ എടുത്തോളാം ” എന്ന ഭീഷണിയോടെയാണ് അക്രമികൾ അന്ന് പിരിഞ്ഞത്. ഈ സംഭവത്തെ തുടര്‍ന്നുള്ള മുൻ വൈരാഗ്യമാണ് കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 7.30 ന് അരുണിന് നേരെയുണ്ടായ കൈയ്യേറ്റത്തിൽ കലാശിച്ചത്.

അതേസമയം കണ്ടാലറിയാവുന്ന രണ്ടുപേരും അവരുടെ കൂട്ടാളികൾക്കുമെതിരെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ മുതിരുകയാണ് താനെന്നും അരുൺ അറിയിച്ചു.