തറയിലെ ഉറക്കം മൂലം ദിലീപ് രോഗിയായി?: ശരീരത്തിന്റെ ബാലന്‍സ് തെറ്റി എണീക്കാന്‍ പോലും ആവാതെ മൂന്ന് ദിവസം കിടന്നതായി റിപ്പോര്‍ട്ട്

single-img
6 August 2017

കൊച്ചി: ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അമിത ടെന്‍ഷന്‍ മൂലം ശരീരത്തിന്റെ ബാലന്‍സ് തെറ്റി എണീക്കാന്‍ പോലും ആവാതെ കിടന്നിരുന്നതായി റിപ്പോര്‍ട്ട്. ഒന്നര ആഴ്ച മുന്‍പാണ് സംഭവമെന്ന് മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു. തലചുറ്റലും ഇടക്കിടെയുള്ള ചര്‍ദ്ദിയുമായിരുന്നു തുടക്കത്തില്‍.

വാര്‍ഡന്മാര്‍ പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നല്‍കിയെങ്കിലും അസുഖം മാറിയില്ല. ഭക്ഷണം പോലും കഴിക്കാതെ, പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും എണീക്കാനാവാതെ സെല്ലില്‍ കഴിയുകയായിരുന്നു ദിലീപെന്ന് മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു. മിന്നല്‍ പരിശോധനയ്ക്ക് ആലുവ ജയിലില്‍ എത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖ ദിലീപിന്റെ അവസ്ഥ കണ്ട് ഡോക്ടറെ വിളിക്കാന്‍ സുപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതു പ്രകാരം ജയില്‍ മേധാവി സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പോയതിന് ശേഷം ആലുവ ജില്ലാ ആശുപത്രിയിലെ ആര്‍എംഒ യും രണ്ടു നേഴ്‌സുമാരും ജയിലിലെത്തി ദിലീപിനെ പരിശോധിക്കുകയും ദിലീപിന് മിനിയേഴ്‌സ് സിന്‍ട്രം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അമിത ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള വെയ്‌നുകളില്‍ പ്രഷര്‍ ഉണ്ടാകുകയും ഫഌയിഡ് ഉയര്‍ന്ന് ശരീരത്തിന്റെ ബാലന്‍സ് തെറ്റുകയും ചെയ്യുന്ന അവസ്ഥയാണ് മിനിയേഴ്‌സ് സിന്‍ട്രം. ഇത്തരം രോഗികളില്‍ സിവിയര്‍ അറ്റാക്കിന് വരെ സാധ്യതയുണ്ടെന്നും ഡോക്ടര്‍ വാര്‍ഡന്മാരെ ധരിപ്പിച്ചു.

തറയിലെ ഉറക്കം മൂലം തണുപ്പടിച്ചതും ദിലീപിന്റെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതായി ഡോക്ടര്‍ ജയില്‍ അധികൃതരോടു പറഞ്ഞു. അതേസമയം തനിക്ക് നേരത്തെയും ഇതു പോലെ തല കറക്കം ഉണ്ടായിട്ടുണ്ടെന്ന് ദിലീപ് ഡോക്ടറോടു പറഞ്ഞു. എന്നാല്‍ ഈ അവസ്ഥയിലും ആശുപത്രിയിലേക്ക് മാറ്റുന്നത് സുരക്ഷ കാര്യങ്ങള്‍ പരിഗണിച്ച് പ്രായോഗികമല്ലെന്ന് സുപ്രണ്ട് വ്യക്തമാക്കി.

ജയില്‍ ഡി ഐ ജി സാം തങ്കയ്യന്‍ ഡോക്ടറോടു ഫോണില്‍ സംസാരിക്കുകയും ഡിഐജി യുടെ ആവശ്യ പ്രകാരം മൂന്ന് ദിവസം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജയിലിലെത്തി ദിലീപിനെ ചികിത്സിക്കുകയുമായിരുന്നു. വഞ്ചനാ കേസില്‍ റിമാന്റില്‍ ഉള്ള തമിഴനാട് സ്വദേശിയായ സഹ തടവുകാരനെ ദിലീപിന്റെ ശുശ്രൂഷിക്കായി ജയില്‍ അധികൃതര്‍ നിയോഗിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് ദിവസമായി പരസഹായമില്ലതെയാണ് ദിലീപ് കാര്യങ്ങള്‍ ചെയ്യുന്നത്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ട്.

അതേ സമയം ദിലീപിന്റേത് നാടകമാണന്നാണ് മറ്റു തടവുകാരും ചില വാര്‍ഡന്മാരും അഭിപ്രായപ്പെടുന്നത്. ആരോഗ്യസ്ഥിതി മോശമാണന്ന ഡോക്ടറുടെ റിപ്പോര്‍ട്ടോടെ കോടതിയെ സമീപിക്കാനും അത് വഴി ജാമ്യം നേടാനുമുള്ള നീക്കമാണിതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ദിലീപിന്റെ നാടകത്തിന് ജയില്‍ അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് തടവുകാര്‍ക്കിടയിലെ സംസാരം.

കേസില്‍ ഭാര്യ കാവ്യാമാധവനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ വിശ്വസ്തനായ മാനേജര്‍ അപ്പുണ്ണി കൂടി ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്കു മുന്നില്‍ കീഴടങ്ങിയതോടെയാണ് താരം തീര്‍ത്തും വിഭ്രാന്തിയിലായതെന്ന് ജയില്‍ വാര്‍ഡന്‍ പ്രതികരിച്ചെന്നും മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേ തുടര്‍ന്ന് ജയില്‍ അധികൃതര്‍ ദിലീപിനെ കൗണ്‍സിലിങിന് വിധേയമാക്കിയിരുന്നു. ആഴ്ചയിലൊരിക്കല്‍ ജയിലില്‍ എത്താറുള്ള കന്യാസ്ത്രീയാണ് തടവുകാരില്‍ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത്. അവര്‍ തന്നെയാണ് ജയില്‍ സൂപ്രണ്ട് ബാബുരാജിന്റെ സാന്നിധ്യത്തില്‍ ദിലീപിനെയും കൗണ്‍സിലിങിന് വിധേയനാക്കിയത്.

കാവ്യയെ അറസ്റ്റു ചെയ്യുമോ എന്ന ഭയവും മകളെ കുറിച്ചുള്ള അമിത ഉത്കണ്ഠയുമാണ് ദിലീപിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതെന്നാണ് സൂചന. അമിത ചിന്തയും ഉത്കണ്ഠയും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള ചില ലഘുവിദ്യകള്‍ കൂടി ദിലീപ് കൗണ്‍സിലറില്‍ നിന്നും മനസ്സിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. ദിവസവും നിര്‍ബന്ധമായി യോഗ ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വായിക്കാനും കൗണ്‍സിലര്‍ ദിലീപിനോട് നിര്‍ദേശിച്ചിട്ടുണ്ട്.