വേഗ രാജാവിന് കാലിടറി: വിടവാങ്ങല്‍ മത്സരത്തില്‍ വെങ്കലവുമായി മടക്കം

single-img
6 August 2017

ലോക ചാംപ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഫൈനലില്‍ ബോള്‍ട്ടിന് തോല്‍വി. ബോള്‍ട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ഒന്നാമനായി. ഹീറ്റ്‌സിലും സെമിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകാതിരുന്ന ബോള്‍ട്ടിന് ഫൈനലില്‍ മൂന്നാമനായാണ് ഫിനിഷ് ചെയ്യാനായത്.

9.92 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കിയ യുഎസ് താരം ജസ്റ്റിന്‍ ഗാട്‌ലിന്‍ സ്വര്‍ണവും 9.94 സെക്കന്‍ഡില്‍ ഓടിയെത്തിയ യുഎസിന്റെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വെള്ളിയും നേടി. ഹീറ്റ്‌സില്‍ 10.09 സെക്കന്‍ഡും സെമിയില്‍ 9.98 സെക്കന്‍ഡും കുറിച്ച ബോള്‍ട്ടിന്, മോശം തുടക്കമാണ് ഫൈനലിലും വിനയായത്.

ഒരു പതിറ്റാണ്ടോളം ട്രാക്കുകളുടെ രാജാവായി വാഴ്ന്ന ബോള്‍ട്ടിന് കരിയറിലെ അവസാന വ്യക്തിഗത മത്സരത്തില്‍ വെങ്കലമെഡലുമായി വിടവാങ്ങേണ്ടി വന്നത് ആരാധകരെ കണ്ണീരിലാഴ്ത്തി.