4 ജി കണക്ഷനോടുകൂടിയ ആപ്പിള്‍ വാച്ച് 3 സീരീസ് എത്തുന്നു; ഈ വർഷാവസാനം വിപണിയിലെത്തും

single-img
6 August 2017

സ്മാര്‍ട് വാച്ചുകളുമായി വിപണി കീഴടക്കാനോരുങ്ങി ആപ്പിള്‍. ആപ്പിള്‍ സ്മാര്‍ട് വാച്ചുകളുടെ ഏറ്റവും പുതിയ പതിപ്പായ ആപ്പിള്‍ വാച്ച് സീരീസ് 3 ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തും. ഏറെ പുതുമകളോടെയായിരിക്കും പുതിയ ഫോണ്‍ എത്തുകയെന്നാണ് വിവരം. ഇതിന്റെ പ്രത്യേകതകളില്‍ ഏറെ സവിശേഷമായി കമ്പനി അവകാശപ്പെടുന്നത് ഫോണിന്റെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി കാള്‍ വിളിക്കുന്നതിന് ആപ്പിള്‍ വാച്ചുകള്‍ക്ക് സാധിക്കുമെന്നുള്ളതാണ്.

ഇതിനായി സെല്ലുലാര്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാനാവുന്ന എല്‍ടിഇ കണക്ടിവിറ്റിയും ഫോണിലുണ്ടാവുമെന്നും പ്രമുഖ ടെക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശസ്ത ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ ആണ് പുതിയ ആപ്പിള്‍ വാച്ചിന് ആവശ്യമായ എല്‍ടിഇ മോഡം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ആപ്പിള്‍ വാച്ച് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി അമേരിക്കയിലെയും യൂറോപ്പിലേയും നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.

4 ജി സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന വാച്ച് നേരത്തെ സാംസങ് പുറത്തിറക്കിയിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം മാര്‍ക്കറ്റില്‍ നേടാന്‍ കമ്പനിക്കായിരുന്നില്ല. 4ജി സൗകര്യം വരുന്നതോടെ മെസേജിങ്, മ്യൂസിക്, സ്ട്രീമിങ് , ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഫോണിന്റെ സഹായമില്ലാതെ തന്നെ ആപ്പിള്‍ വാച്ചില്‍ സാധിക്കും.