ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിക്കു നേരെ കല്ലേറ്; വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു

single-img
5 August 2017

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെ കല്ലേറ്. ബനാകാന്തയില്‍ പ്രളയബാധിത മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് രാഹുലിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് കല്ലേറുണ്ടായത്. ആക്രമണത്തില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നെങ്കിലും രാഹുല്‍ ഗാന്ധി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അതേസമയം ഒരു സുരക്ഷാ ഭടന് പരിക്കേറ്റിട്ടുണ്ട്.

ബനാകാന്ത ജില്ലയിലെ ധനേരയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനു നേരെ അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് നീരജ് ബദുഗുജാര്‍ അറിയിച്ചു. ഗുജറാത്തിലെ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പമാണ് മേഖലയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്.

ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. ഇത്തരം പ്രവര്‍ത്തികളിലൂടെ പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. രാജ്യത്തെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ ഇവര്‍ക്കായോയെന്നും അദ്ദേഹം ചോദിച്ചു.

സിമന്റ് ഇഷ്ടിക ഉപയോഗിച്ചാണ് കാറിനു നേരെ എറിഞ്ഞത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.